pathros
വൃക്ക രോഗിയായ പത്രോസ് നക്ഷത്ര നിര്‍മാണത്തില്‍

കാലടി: രോഗത്തിന്റെ അസ്വസ്ഥതകൾ വലയ്ക്കുമ്പോഴും കർമനിരതനാണ് പത്രോസ് ചേട്ടൻ. വീടുകളിലും വഴിയോരങ്ങളിലും നക്ഷത്രശോഭ വിടർത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം. വിവിധ വർണങ്ങളിലായി നൂറുകണക്കിന് ക്രിസ്മസ് നക്ഷത്രങ്ങൾ ഇതിനകം നിർമിച്ചുകഴിഞ്ഞു.

ആനപ്പാറ പുതുവ പി.എം. പത്രോസ് (54) വൃക്ക രോഗത്തെത്തുടർന്ന് ആറു വർഷമായി ഡയാലിസിസ് ചെയ്തുവരികയാണ്. ആഴ്ചയിൽ മൂന്നു ദിവസം ചെയ്യണം. മാസം 12,000 രൂപ മരുന്നിനു മാത്രം വേണം. ആരോഗ്യമുള്ളകാലത്ത് ഇലക്ട്രീഷ്യനായിരുന്നു. 13 വർഷം ആനപ്പാറ പള്ളി കപ്യാരായും പ്രവർത്തിച്ചു. രോഗബാധിതനായതോടെ ഇതെല്ലാം ഉപേക്ഷിക്കേണ്ടി വന്നു.

സാമ്പത്തികാവസ്ഥ മോശമായപ്പോഴാണ് അധികം ആയാസമില്ലാത്ത തൊഴിൽ വീട്ടിലിരുന്ന് ചെയ്യുന്നത് ആലോചിച്ചത്. അങ്ങനെ മൂന്നു വർഷം മുൻപാണ് ക്രിസ്മസ് നക്ഷത്രം തയ്യാറാക്കി നോക്കിയത്. പരിചയക്കാരും അവസ്ഥ അറിയാവുന്നവരും വാങ്ങിയപ്പോൾ ചെറിയ ആശ്വാസമായി. തുടർന്ന്, കഴിഞ്ഞ വർഷം കൂടുതൽ മുന്നൊരുക്കം നടത്തി. നൂറിലേറെ നക്ഷത്രങ്ങൾ നിർമിച്ചു നൽകി.

ഇക്കൊല്ലം കുറച്ചുകൂടി വിപുലപ്പെടുത്തി. ഇതുവരെ ഇരുന്നൂറോളം നക്ഷത്രത്തിന് ഓർഡർ ലഭിച്ചതായി പത്രോസ് പറഞ്ഞു. 150 മുതൽ 300 രൂപ വരെ വിലവരുന്നവയാണ് നക്ഷത്രങ്ങൾ. അയൽവാസിയായ യുവാവ് ഇതിനുള്ള ഈറ്റയുടെ പൊളിപ്പുകൾ നൽകും. വർണക്കടലാസ് ഒട്ടിച്ച് ഭംഗിയാക്കലാണ് പണി. ഒരു ദിവസം ഏഴെണ്ണം വരെ നിർമിക്കാനേ ആരോഗ്യം സമ്മതിക്കൂ. ചില ദിവസങ്ങളിൽ വിശ്രമിക്കേണ്ടി വരും. കലാകാരൻകൂടിയായ പത്രോസ് നാടകം എഴുതുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. രോഗാവസ്ഥയിലും തളരാതെ കർമനിരതനാകുന്ന പത്രോസിന് അടുത്തറിയുന്നവരിൽ നിന്നും ഏറെ പ്രോത്സാഹനം ലഭിക്കുന്നുണ്ട്.