കൊച്ചി: വെള്ളം ഇറങ്ങിയിട്ടും ഐനിക്കത്താഴത്തെ ഹരിജൻ കോളനിയിൽ വീടുള്ള ഭവാനിക്കും കുടുംബത്തിനും വീട്ടിലേക്ക് മടങ്ങാനായിട്ടില്ല. മഴയിൽ മേൽക്കൂരയടക്കം തകർന്ന വീട്ടിലേക്ക് അത്ര പെട്ടെന്ന് മടങ്ങാനാകില്ല അവർക്ക്. ഭവാനിയും ഇളയമകൻ ഷാജിയും കുടുംബവുമാണ് ഐനിക്കത്താഴത്തെ വീട്ടിൽ താമസിച്ചിരുന്നത്. പാറക്കടവിലെ എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പ് അടച്ചുപൂട്ടിയതോടെ ഇവർ സഹോദരന്റെ വീട്ടിലേക്ക് മാറുകയായിരുന്നു.

ഷാജി ഐനിക്കത്താഴത്തിന് അടുത്ത് മണക്കുന്ന് ഒരു വീട് 2,000 രൂപയ്ക്ക് വാടകയ്ക്ക് എടുത്തിട്ടുണ്ടിപ്പോൾ. അത് കഴുകിവൃത്തിയാക്കിയെടുത്താലേ അവിടേക്ക് മാറാനാകൂ.

വെള്ളംകയറി നശിച്ച വീടിന്റെ പടമൊക്കെയെടുത്ത് വില്ലേജിൽ സഹായത്തിനായി അപേക്ഷ നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം വില്ലേജിൽനിന്ന് അന്വേഷിച്ച് വീട്ടിലെത്തിയെന്ന് ഷാജി പറഞ്ഞു. പക്ഷേ, വീട്ടുകാർ ആരും ഉണ്ടായിരുന്നില്ല.

ചാലക്കുടിപ്പുഴയുടെ തീരത്തായിട്ടാണ് പാറക്കടവ് പഞ്ചായത്തിലെ ഐനിക്കത്താഴം. ചാലക്കുടിപ്പുഴ കവിഞ്ഞാൽ ആദ്യം വെള്ളംകയറുന്ന പ്രദേശം. ഇവിടെ ആദ്യം വെള്ളംകയറുന്ന വീടാണ് ഭവാനിയുടേത്. അവസാനം വെള്ളം ഇറങ്ങുന്നതും അവരുടെ വീട്ടിൽ നിന്നാണ്.

ദിവസങ്ങളോളം വെള്ളത്തിൽ നിൽക്കുന്ന പഴയവീട് ഇടിഞ്ഞുവീഴുമോ എന്ന ഭയം ഇവർക്കുണ്ട്. ഓടുമേഞ്ഞ പഴയവീടാണ്. മേൽക്കൂരയിലെ ഓടുകൾ പലതും കാറ്റിൽ പറന്നുപോയി. കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിൽ വീട് പൂർണമായി മുങ്ങിയിരുന്നു.

കൽപ്പണിക്കാരനായ ഷാജിയുടെ വരുമാനമാണ് കുടുംബത്തിന്റെ ആശ്രയം. ഷാജിയുടെ ഭാര്യ അമ്പിളി രണ്ട് കൊച്ചുകുട്ടികൾ ശാരീരിക വയ്യായ്കയുള്ള മകൾ എന്നിവരാണ് ഭവാനിക്ക് ഒപ്പമുള്ളത്. മാനസികവെല്ലുവിളി നേരിടുന്ന മറ്റൊരു മകളെ ആശാഭവനിൽ ആക്കിയിരിക്കുകയാണ്.

വെള്ളംകയറാത്ത് വീട് ഉണ്ടെങ്കിലേ ഇവർക്ക് ജീവിതം തിരിച്ചുപിടക്കാനാകൂ. അതിനുള്ള സഹായം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഭവാനിയും കുടുംബവും.

ഭവാനിയുടെ വീട് പൂർണമായും ഉപയോഗരഹിതമാണെന്ന് കാട്ടി റവന്യൂ വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചതായി പാറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് റീന രാജൻ പറഞ്ഞു. വീട് പുനർനിർമിക്കാനുള്ള സഹായം ഇവർക്ക് കിട്ടുമെന്നാണ് കരുതുന്നതെന്നും അവർ പറഞ്ഞു.

ആലുവത്തോട് എന്നു വിളിക്കുന്ന ചെറിയതോടിലെ മാലിന്യം നീക്കാത്തതാണ് ഇവിടത്തെ മവെള്ളക്കെട്ടിന് പ്രധാന കാരണം.