കൊച്ചി: പ്രളയമാണ് ആദ്യം സുരേഷിന്റെ സ്വപ്നങ്ങൾ തകർത്തത്... പിന്നീട് രോഗവും. കെട്ടുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങുക എന്നതായിരുന്നു സുരേഷിന്റെ ആഗ്രഹം. എന്നാൽ, കഴിഞ്ഞ വർഷത്തെ പ്രളയം എല്ലാം ഇല്ലാതാക്കി. പിന്നീട് സർക്കാരിന്റെ സഹായത്തിൽ വീട് യാഥാർഥ്യമായപ്പോൾ അത് കാണാൻ സുരേഷില്ല. മരണം അദ്ദേഹത്തെ നേരത്തെ കൂട്ടിക്കൊണ്ടുപോയിരുന്നു.

‘അവന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു നല്ലൊരു പുതിയ വീട്, പക്ഷേ, അതു കാണാൻ അവനില്ലാതെ പോയി. അവന്റെ അവസാന നാളുകൾപോലും സ്വന്തം വീട്ടിലായിരുന്നില്ല...’ -പറയുമ്പോൾ സുരേഷിന്റെ സഹോദരി ലളിതയുടെ സ്വരമിടറി.

പറവൂർ മടപ്ലാതുരുത്ത് എരവേലി സുരേഷും ഭാര്യ മിനിയും രണ്ട് മക്കളും സുരേഷിന്റെ സഹോദരി ലളിതയും ഒരുമിച്ചായിരുന്നു താമസം. കരൾരോഗം മൂർച്ഛിച്ച് ചികിത്സയിലായിരുന്ന സുരേഷിന്റെ വലിയ ആഗ്രഹമായിരുന്നു 47 വർഷം പഴക്കമുള്ള വീട് പുതുക്കിപ്പണിയണമെന്നത്. എന്നാൽ, കഴിഞ്ഞ വർഷം പ്രളയം വന്നതോടെ വീട് പൂർണമായും വെള്ളത്തിലായി നശിച്ചു. ഇതേ തുടർന്നാണ് സർക്കാർ വീട് അനുവദിച്ചത്.

വീടിന്റെ പണി ആരംഭിച്ച് മാസങ്ങൾക്കകം സുരേഷ് മരിച്ചു. സർക്കാർ ഫണ്ടിൽനിന്ന് ലഭിച്ച തുക ഉപയോഗിച്ച് ഒരു മുറിയും അടുക്കളയും ഹാളും പൂർത്തിയാക്കിയിട്ടുണ്ട്. നാലുപേർക്ക് താമസിക്കാനുള്ള സൗകര്യാർഥം മുകളിലേക്ക് രണ്ട്‌ മുറികൾ കൂടി നിർമിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ.

കയർ തൊഴിലാളിയായ ലളിതയും കൂലിപ്പണിക്ക് പോകുന്ന മിനിയുടെ മക്കളും ചേർന്നാണ് വീട് പൂർത്തീകരിക്കുന്നത്. മുകളിലെ മുറികൾകൂടി പണിതീർത്തിട്ട് വീട്ടിലേക്ക് താമസമാക്കാനാണ് ഇവരുടെ തീരുമാനം. 2018-ലെ പ്രളയത്തിൽ ഈ ഭാഗത്ത് നാലടിയോളമാണ് ജലനിരപ്പ് ഉയർന്നത്.