കൊച്ചി: തേവരയിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളും പ്രശ്നങ്ങളും ഏറ്റെടുത്ത് നാട്ടുകാരുടെ ഇഷ്ടം നേടി മനു റോയി. ഇടതുമുന്നണി സ്ഥാനാർഥിയുടെ വാഹന പ്രചാരണ ജാഥ ബുധനാഴ്ച തേവര ഫെറിയിൽ നിന്നാണ് ആരംഭിച്ചത്. ടൂവീലറുകളുടെയും ഓട്ടോറിക്ഷകളുടെയും അകമ്പടിയോടെയാണ് സ്ഥാനാർഥി വോട്ടർമാരെ കണ്ടത്.

എല്ലാ ജനകീയ പ്രശ്നങ്ങളിലും തേവരക്കാരോടൊപ്പമുണ്ടാകുമെന്ന് മനു റോയി ഉറപ്പു നൽകി. യുവാക്കളും സ്ത്രീകളും കുട്ടികളുമെല്ലാം ചേർന്ന് സ്ഥാനാർഥിക്ക് വരവേൽപ്പ് നൽകി. വാഹന പര്യടനം എം.എൽ.എ. എസ്. ശർമ ഉദ്ഘാടനം ചെയ്തു. സി.പി.എം. ഏരിയ സെക്രട്ടറി പി.എൻ. സീനുലാൽ, സൗത്ത് ലോക്കൽ സെക്രട്ടറി ഒ.ഡി. ആൽബർട്ട്, സി.കെ. പീറ്റർ തുടങ്ങിയവർ പങ്കെടുത്തു.

തേവര എസ്.എച്ച്. കോേളജ് കവാടത്തിൽ വിദ്യാർഥികൾ സ്ഥാനാർഥിയെ സ്വീകരിച്ചു. ഒട്ടേറെയിടങ്ങളിൽ എൽ.ഡി.എഫ്. പ്രവർത്തകരും നാട്ടുകാരും ഒരുക്കിയ സ്വീകരണങ്ങൾ സ്ഥാനാർഥി ഏറ്റുവാങ്ങി.

കലൂർ പൊറ്റക്കുഴിയിൽ പുതിയ റോഡിൽനിന്ന് തുടങ്ങിയ ഗൃഹസന്ദർശന പര്യടനം കലൂരിൽ വിവിധ മേഖലകളിലെ ജനവാസ മേഖലകളിലൂടെ കടന്നുപോയി. കലൂർ നിവ്യ റോഡ്, കതൃക്കടവിൽ കാട്ടാക്കര വെസ്റ്റ് റോഡ്, കെ.കെ. റോഡ് തുടങ്ങിയ പ്രദേശങ്ങളിൽ സന്ദർശനം നടത്തി. അഡ്വ. ജെയ്ജി ഇട്ടൻ, അഡ്വ. ഇ.എം. ജോസഫ്, അഡ്വ. ടി.സി. കൃഷ്ണ, മുൻ എം.പി.യും കേരള കോൺഗ്രസ് നേതാവുമായ മാത്യു മണിയങ്ങാടന്റെ മകൻ അലക്സാണ്ടർ മാത്യു, കാപ്പ അഡ്വൈസറി ബോർഡ് ചെയർമാൻ ജസ്റ്റിസ് ജി. ശിവരാജൻ തുടങ്ങിയവരെ കണ്ട് പിന്തുണ തേടി.