കൊച്ചി: ‘ഞാൻ ടി.ജെ. വിനോദ്, യു.ഡി.എഫിന്റെ സ്ഥാനാർഥിയാണ്.....’ വോട്ടർമാരെ തേടി ഓരോ വീട്ടുപടിക്കലുമെത്തുമ്പോൾ സ്ഥാനാർഥി പരിചയപ്പെടുത്തുന്നതിങ്ങനെയാണ്. എന്നാൽ, ടി.ജെ. വിനോദ്‌ എന്ന ജനപ്രതിനിധിക്ക് കൊച്ചിയിൽ മുഖവുരകളുടെ ആവശ്യമില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഓരോ കേന്ദ്രത്തിലും ലഭിച്ച സ്വീകരണം.

‘എട്ടുവർഷം ഹൈബി ഇൗഡൻ എറണാകുളം മണ്ഡലത്തിൽ നടപ്പാക്കിയ വികസനങ്ങൾ പൂർത്തിയാക്കാൻ അവസരം നൽകണം’ എന്നാണ് അഭ്യർഥന

പനിച്ചൂട് വകവെയ്ക്കാതെ

കടുത്ത പനിയും ക്ഷീണവും തളർത്തിയെങ്കിലും അതിന്റെ ക്ഷീണം അൽപ്പംപോലും പ്രകടിപ്പിക്കാതെയായിരുന്നു വിനോദിന്റെ ബുധനാഴ്ചത്തെ പര്യടനം. അതിരാവിലെ കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ഡോക്ടറെ വിളിച്ചുവരുത്തി കണ്ട്‌ മരുന്നുവാങ്ങി. നല്ല വിശ്രമം വേണമെന്നും ഒ.ആർ.എസ്. ലായനി ഇടവിട്ട് കുടിക്കണമെന്നും ഡോക്ടർ നിർദേശിച്ചിരുന്നു.

പ്രചാരണം അവസാനഘട്ടത്തിലേക്ക് എത്തിയതോടെ ഇനിയുള്ള ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന തിരിച്ചറിവിൽ, വിശ്രമം പോലും വേണ്ടെന്നുവെച്ച് സ്ഥാനാർഥി പ്രചാരണത്തിനിറങ്ങി.

കഴിഞ്ഞ ദിവസം അന്തരിച്ച കലൂർ കതൃക്കടവ് കളരിക്കൽ പത്രോസിന്റെ വീട്ടിലെത്തി അനുശോചനം അറിയിച്ചാണ് പര്യടനത്തിന് തുടക്കമിട്ടത്. തുടർന്ന് ഷിപ്പ്‌യാർഡ്, കോന്തുരുത്തി എന്നിവിടങ്ങളിലും തേവരയിലെ കസ്തൂർബ റോഡിലെ ആനാന്തുരുത്ത് കോളനിയിലും എത്തി. പ്രദേശത്തെ ഓരോ വീട്ടിലും എത്തി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർഥിച്ചു. ആനാന്തുരുത്ത് കോളനിയിലെ 86-ാം നമ്പർ അങ്കണവാടിയിലും സ്ഥാനാർഥിയെത്തി.

‘എന്നെ അറിയുമോ...?’ എന്ന ചോദ്യത്തിന് ചിരിയായിരുന്നു കുട്ടികളുടെ മറുപടി. സഹായി അജ്മൽ നൽകിയ ഒ.ആർ.എസ്. ലായനി ഇടയ്ക്കിടെ കുടിക്കുന്നുണ്ട്്. മറക്കാതെ ഇത് കുടിക്കണമെന്നാണ് ഭാര്യ ഷിമിതയുടെ നിർദേശം.

വെയിലിൽ വാടാതെ

12.30-ഓടെ ആനാന്തുരുത്ത്‌ കോളനിയിലെ വീടുകളിലെ വോട്ടഭ്യർഥന പൂർത്തിയാക്കി. വഴിയരികിൽ കണ്ട പ്രായമായ അമ്മ സ്നേഹവായ്പോടെ സ്ഥാനാർഥിയുടെ അടുത്തെത്തി.

‘എനിക്ക് വോട്ടുചെയ്യണം കേട്ടോ...?’ എന്ന അഭ്യർഥനയ്ക്ക് മറുപടിയായി സ്ഥാനാർഥിയുടെ കൈകൾ ചേർത്തുപിടിച്ചു. ‘നമ്മളേ ജയിക്കൂ...’ എന്ന വാക്കുകൾ സ്ഥാനാർഥിയിലും ആവേശം നിറച്ചു.

‘യു.ഡി.എഫിന്റെ ഉറച്ച മണ്ഡലം എന്ന ആത്മവിശ്വാസം തുണയായുണ്ടെങ്കിലും എല്ലാവരെയും നേരിൽ കണ്ട് പറഞ്ഞാലേ തൃപ്തിയാവൂ...’

വഴിമധ്യേ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമുള്ള പലരുടെയും ക്ഷണം ‘പനിയാണ്‌’ എന്ന മറുപടിയോടെ നിരസിച്ചു. ഒന്നരയായതോടെ ഉച്ചവരെയുള്ള പ്രചാരണത്തിന് സമാപനം. ഉച്ചഭക്ഷണത്തിനായി തമ്മനത്തെ വീട്ടിലേക്ക് തിരിച്ചു. കഞ്ഞി മാത്രം കഴിച്ച് അൽപ്പസമയം വിശ്രമം.

മഴയിലും ചോരാത്ത ആവേശം

രണ്ടേകാലോടെ തമ്മനത്തെ വീട്ടിൽനിന്ന് നോർത്ത് സ്റ്റേഷന്‌ സമീപമുള്ള മഠത്തിൽപ്പറമ്പ് കോളനിയിലേക്ക്. വഴിവക്കിൽ കാത്തുനിന്ന പ്രവർത്തകർക്കൊപ്പം കോളനിയിലെ വീടുകളിലേക്ക്. കിടപ്പുരോഗികളുടെ അടുത്തെത്തി ക്ഷേമാന്വേഷണം.

തുടർന്ന് പത്താം പീയൂസ് പള്ളിക്കവലയിലെ സ്വീകരണ സ്ഥലത്തേക്ക്. ഇതിനിടയിൽ പൊറ്റക്കുഴി റോഡ്, എം.എഫ്. പോൾ റോഡ്, മാടവന കവല, എസ്.ആർ.എം. റോഡ്, അയ്യപ്പൻകാവ്‌ കവല, സെമിത്തേരിമുക്ക്, പവർഹൗസ് റോഡ്, പ്രൊവിഡൻസ് റോഡ് എന്നിവിടങ്ങളിലൂടെ സ്ഥാനാർഥിയുടെ വാഹനം മുന്നോട്ട്.

ഇതിനിടെ, സെയ്‌ന്റ് ആൽബർട്‌സ്‌ കോളേജ്, യൂത്ത് കോൺഗ്രസ്‌ ഹൗസ്, മുൻകാല കെ.എസ്.യു. പ്രവർത്തകരുടെ കൂട്ടായ്മ ‘ജ്വാല’, ആൽബർട്‌സ്‌ കോളേജിന് മുൻവശമുള്ള രാജീവ് ഗാന്ധി മണ്ഡപത്തിനു മുന്നിൽ സ്വീകരണം നൽകി.

വൈകീട്ട് അഞ്ചുമണിയോടെ പെയ്ത മഴയിലും ഇടിമിന്നലിലും അൽപ്പസമയം പ്രചാരണത്തിന് വിശ്രമം. തേവര ജങ്‌ഷനിൽ ആവേശത്തോടെ പ്രചാരണത്തിന് സമാപനം.

അടുത്ത ദിവസങ്ങളിൽ നഗരത്തിൽ വാദ്യഘോഷങ്ങളും പ്ലക്കാർഡുകളും വിവിധ വർണ ബലൂണുകളും ഉപയോഗിച്ചുള്ള റോഡ് ഷോ നടത്തും.