കളമശ്ശേരി : തൃക്കാക്കര മഹാക്ഷേത്രത്തിന്‌ സമീപം ഇടപ്പള്ളി-പുക്കാട്ടുപടി റോഡിലുള്ള പൊതുമരാമത്ത് കാന സമീപ വാർഡുകളിൽ നിന്നുള്ളവരെത്തി അടച്ചു.

കഴിഞ്ഞദിവസത്തെ ശക്തമായ മഴ കാരണം വെള്ളക്കെട്ട് രൂക്ഷമായി എന്നുപറഞ്ഞ് ആ വാർഡുകളിലെ കൗൺസിലർമാരുടെ നേതൃത്വത്തിൽ മണൽച്ചാക്ക് ഉപയോഗിച്ച് കാന അടച്ചെന്നാണ് പരാതി.

വർഷങ്ങളായി പുക്കാട്ടുപടി റോഡിൽനിന്ന്‌ ചേലപ്പുറം കുളത്തിലേക്ക് ഒഴുകുന്ന ഈ കാന അടച്ചതോടെ പുക്കാട്ടുപടി റോഡിൽ വെള്ളക്കെട്ടുണ്ടായി. ഇതേത്തുടർന്ന് നാട്ടുകാർ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ മണൽച്ചാക്കുകൾ മാറ്റി കാനയിലെ ഒഴുക്ക് തടസ്സപ്പെടാതിരിക്കാൻ നടപടിയെടുക്കാമെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകി.