കളമശ്ശേരി : സാലീസ് റോഡിന് സമീപത്തെ രാജഗിരിയുടെ ഉയരത്തിലുള്ള മതിൽ ഇടിഞ്ഞുവീണ് സമീപത്തെ നാല്‌ വീടുകളിൽ ചെളിമണ്ണും വെള്ളവും കയറി. ഗതാഗതം തടസ്സപ്പെട്ടു.

കരിപ്പായി ഹമീദ്, ചിറങ്ങര സമീർ, ജോർജ് സതീഷ്, ആൻറണി എന്നിവരുടെ വീടുകളിലാണ് മണ്ണും വെള്ളവും കയറിയത്. വീട്ടിൽ വെള്ളംകയറിയതിനെ തുടർന്ന് ഹമീദിന് വൈദ്യുതി ഷോക്കേറ്റങ്കിലും കാര്യമായ അപകടമൊന്നുമുണ്ടായില്ല. മതിൽ ഇടിഞ്ഞുവീഴുന്നതുകണ്ട് ഓടിമാറിയ ജോർജ് സതീഷിന് വീണ് ചെറിയ പരിക്കുപറ്റി.

രാജഗിരി അധികൃതർ മണ്ണുമാന്തിയന്ത്രം കൊണ്ടുവന്ന് റോഡിലെ തടസ്സങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. വീടുകളിലെ ചെളിമണ്ണും വെള്ളവും നീക്കംചെയ്യാൻ സമീപവാസികളും രാജഗിരി അധികൃതരും സഹായിച്ചു.