കളമശ്ശേരി : കോവിഡ് കാലത്ത് സാധനങ്ങൾ അണുവിമുക്തമാക്കുന്നതിന് അൾട്രാവയലറ്റ് സാനിറ്റൈസിങ് സംവിധാനവുമായി കളമശ്ശേരി ഗവൺമെന്റ് ഐ.ടി.ഐ. ഇൻസ്ട്രുമെൻറ് മെക്കാനിക് ട്രേഡ് ഇൻസ്ട്രക്ടറും മുളന്തുരുത്തി സ്വദേശിയുമായ അജിത്ത് കെ.എ. നായരാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്ത് നടപ്പാക്കിയത്.
ചൈനയിൽ പൊതുഗതാഗത വാഹനങ്ങൾ അണുവിമുക്തമാക്കാൻ അൾട്രാവയലറ്റ് സാനിറ്റൈസിങ് സംവിധാനം നടപ്പാക്കിയിട്ടുള്ള കാര്യം അജിത്ത് മനസ്സിലാക്കി.
ഐ.ടി.ഐ.യിൽ കറൻസിയും മൊബൈലുകളും സാനിറ്റൈസ് ചെയ്യാൻ ഒരു ചെറിയ ബോക്സ് ഉണ്ടാക്കാനുള്ള ആഗ്രഹം പ്രിൻസിപ്പൽ പി.കെ. രഘുനാഥനെ അറിയിച്ചതിനെ തുടർന്ന് പ്രവേശന കവാടത്തിലുള്ള വാച്ച്മാൻ കാബിനകത്ത് സംവിധാനം ഒരുക്കാൻ പ്രിൻസിപ്പൽ നിർദേശം നൽകി. അതിനായി, സഹായവും നൽകി.
വെൽഡർ ട്രേഡ് പരിശീലകൻ അമൽ ചന്ദ്രയുടെ സഹകരണത്തോടെ ഫാബ്രിക്കേഷൻ ജോലികൾ പൂർത്തിയാക്കി 15 ദിവസത്തിനുള്ളിൽ സാനിറ്റൈസിങ് സംവിധാനം ഒരുക്കി. ഒരേസമയം പതിനഞ്ച് ബാഗുകൾ സാനിറ്റൈസ് ചെയ്യാൻ പറ്റും. കറൻസി, മൊബൈലുകൾ, ഭക്ഷണവസ്തുക്കൾ, വസ്ത്രങ്ങൾ തുടങ്ങിയവ സാനിറ്റൈസ് ചെയ്യാൻ കഴിയും.
മൂന്നു സെക്കൻഡ് മുതൽ മൂന്നു മണിക്കൂർ വരെ ഓട്ടോമാറ്റിക്കായി സമയം ക്രമീകരിക്കാൻ കഴിയുന്ന, മൂന്നടി ഉയരവും അഞ്ചടി വീതിയുമുള്ള ബോക്സാണ് ഉണ്ടാക്കിയിരിക്കുന്നത്.
വ്യാവസായിക പരിശീലന വകുപ്പിൽ രൂപവത്കരിച്ചിട്ടുള്ള നൈപുണ്യ കർമസേന വഴി ഈ സംവിധാനം വിപുലപ്പെടുത്താൻ ആഗ്രഹിക്കുന്നതായി ഐ.ടി.ഐ. അധികൃതർ അറിയിച്ചു.