കളമശ്ശേരി : പഠിതാക്കളുടെ നൈപുണ്യ വികസനത്തിന് പ്രാധാന്യം കൊടുക്കുന്ന പുതിയ പഠന രീതി ഈ അധ്യയന വർഷം മുതൽ എൽ.എൽ.ബി. തലത്തിൽ നുവാൽസിൽ നടപ്പിലാക്കും. അഭിഭാഷകർ, ന്യായാധിപർ, നിയമ അധ്യാപകർ, ബിസിനസ് അഭിഭാഷകർ, സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമ ഉപദേശകർ, സാമൂഹിക സേവകർ തുടങ്ങി ഏതു മേഖലയിൽ പോയാലും നിയമം ഫലപ്രദമായി കൈകാര്യം ചെയ്യാൻ ആവശ്യമായ നൂറിൽപ്പരം നൈപുണ്യങ്ങൾ ആർജിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് ഈ പഠന രീതിയുടെ ഉദ്ദേശ്യം. ഓരോ സെമസ്റ്ററിലും 10 മുതൽ 15 വരെ നൈപുണ്യങ്ങളിൽ പ്രാവീണ്യം നേടുന്നതിനുള്ള പരിപാടികൾ പാഠ്യപദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും.
ഇതിനായി നുവാൽസ് വൈസ് ചാൻസലർ ഡോ. കെ.സി. സണ്ണിയുടെ അധ്യക്ഷതയിൽ ചേർന്ന അക്കാദമിക് കൗൺസിൽ യോഗത്തിൽ ഒഡിഷ നിയമ സർവകലാശാലാ വൈസ് ചാൻസലർ ഡോ. ശ്രീകൃഷ്ണ റാവു, മഹാരാഷ്ട്ര നിയമ സർവകലാശാലാ വൈസ് ചാൻസലർ ഡോ. വിജന്ദർ കുമാർ, ഹൈക്കോടതി അഭിഭാഷകരായ ഡോ. കെ.ബി. ഇബ്രാഹിംകുട്ടി, അഡ്വ. നാഗരാജ് നാരായൺ, കുസാറ്റ് നിയമ വകുപ്പ് അധ്യക്ഷ ഡോ. വാണി കേസരി, നുവാൽസ് അധ്യാപകരായ ഡോ. ഷീബ എസ്. ധർ, ഡോ. ജേക്കബ് ജോസഫ്, രജിസ്‌ട്രാർ എം.ജി. മഹാദേവ് തുടങ്ങിയവർ പങ്കെടുത്തു.