കളമശ്ശേരി : പത്താം ക്ലാസ് പാസാവാനുള്ള അയ്യപ്പന്റെ മോപ്പഡ് യാത്ര സഫലമായി. ചൊവ്വാഴ്ച പ്രഖ്യാപിച്ച എസ്.എസ്.എൽ.സി. പരീക്ഷാഫലത്തിൽ വിജയികളുടെ കൂട്ടത്തിൽ അയ്യപ്പന്റെ പേരുമുണ്ട്. കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷ കോവിഡ് കാരണം മാറ്റിവെച്ചപ്പോൾ കളമശ്ശേരി എച്ച്.എം.ടി. സ്കൂളിലെ വിദ്യാർഥിയായിരുന്ന, തിരുനെൽവേലി സ്വദേശിയായ അയ്യപ്പൻ കുടുംബത്തോടൊപ്പം നാട്ടിലേക്ക് പോയിരുന്നു. എന്നാൽ, മാറ്റിവെച്ച പരീക്ഷകൾ മേയ് 27 മുതൽ എഴുതാൻ തിരുനെൽവേലിയിൽ നിന്ന് കിലോമീറ്ററുകൾ താണ്ടി അച്ഛൻ മണിയുടെ മോപ്പഡിലാണ് എത്തിയത്.
തമിഴ്നാട്ടിൽ കോവിഡ് പടർന്നുപിടിച്ച സന്ദർഭത്തിലായതുകൊണ്ടുതന്നെ താമസസ്ഥലത്ത് ചെറിയ പ്രയാസങ്ങൾ ഉണ്ടായതും തമിഴ്നാട്ടിൽനിന്ന് ഓൺലൈൻ പാസ് സംഘടിപ്പിക്കാനുമൊക്കെ വലിയ പ്രയാസം അനുഭവപ്പെട്ടെങ്കിലും 300 കിലോമീറ്ററിനടുത്ത ദൂരത്തിന്റെ ഓട്ടം വെറുതെയായില്ല.
ലോക്‌ഡൗൺ കാരണം അച്ഛൻ മണിയോടൊപ്പം അയ്യപ്പനു മാത്രമാണ് കേരളത്തിലെത്താൻ കഴിഞ്ഞത്. അമ്മയും സഹോദരനും മൂന്ന് സഹോദരിമാരുമാണ് അയ്യപ്പനുള്ളത്. സഹോദരൻ തിരുനെൽവേലിയിൽ പ്ലസ് ടു പഠനം കഴിഞ്ഞിരിക്കുകയാണ്. അമ്മയെ തിരിച്ചു കൊണ്ടുവരണമെന്നാണ് അയ്യപ്പന്റെ ആവശ്യം. പണം പ്രശ്നമാണെങ്കിലും ഐ.ടി.ഐ.യിലോ പോളി ടെക്‌നിക്കിേലാ ചേർന്ന് തൊഴിൽ പരിശീലനമാണ് അയ്യപ്പന്റെ ആഗ്രഹം.
104 കുട്ടികൾ പരീക്ഷയെഴുതിയ എച്ച്.എം.ടി. സ്കൂളിൽ നാല് കുട്ടികൾ തോറ്റുപോയി. എങ്കിലും അയ്യപ്പന്റെ വിജയം സ്കൂൾ അധികൃതർക്ക് വലിയ സന്തോഷമാണുണ്ടാക്കിയിട്ടുള്ളതെന്ന് ഹെഡ്മിസ്ട്രസ് ജിഷ പറഞ്ഞു.