കാലടി: വെള്ളക്കെടുതി ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്‌ പറിച്ചുനട്ടപ്പോൾ വലിയൊരു വിഭാഗം കാലികളെയും കൂടെക്കൂട്ടി, പ്രത്യേകിച്ചും പശുക്കൾ. കാഞ്ഞൂർ ഗ്രാമപ്പഞ്ചായത്തിലെ ക്യാമ്പ് പ്രവർത്തിക്കുന്ന സെയ്ന്റ് ജോസഫ്‌സ് ഹൈസ്കൂളിന്റെ വിശാലമായ മൈതാനത്തിന്റെ മൂലകളിൽ കാണാം നിരന്നുനിൽക്കുന്ന പശുക്കൂട്ടത്തെ. നാലുദിവസം പ്രായമായ കുഞ്ഞ്‌ മുതൽ ഗർഭിണികളും പാൽചുരത്തുന്നവയുമായവ വരെ ഇക്കൂട്ടത്തിലുണ്ട്. ഏതാനും ദിവസങ്ങളായി വെയിലും മഴയും കൊണ്ട് ഇവിടെ കഴിയുകയാണിവ.

കാഞ്ഞൂരിലെ ക്യാമ്പിൽ 540 കുടുംബങ്ങളാണ് കഴിയുന്നത്. ഇതിൽ അധികവും ‘തുറവുങ്കര’ എന്ന കാർഷിക ഗ്രാമത്തിൽ നിന്നുള്ളവർ. പശുവളർത്തലിലൂടെ മാത്രം ഉപജീവനം കണ്ടെത്തുന്ന കർഷകരാണ് അധികവും. ക്യാമ്പിലേക്കു മാറണമെന്നു പറഞ്ഞപ്പോൾ ഇവർ ആദ്യമേ ഇവിടെനിന്ന്‌ രക്ഷിച്ചുകൊണ്ടുവന്നത് ഈ വളർത്തുമൃഗങ്ങളെയാണ്.

പ്രതികൂല അവസ്ഥയിലും സാധ്യമായ സൗകര്യങ്ങളിൽ പശുക്കളെ പരിപാലിക്കുകയാണ് കർഷകർ. തുറവുങ്കര ഗ്രാമത്തിൽപ്പെട്ട വിമാനത്താവളത്തോട് ചേർന്ന ഭാഗത്തെ കർഷകരാണ് വലിയ വെള്ളപ്പൊക്കം ഭയന്ന് വളർത്തുമൃഗങ്ങളെയും കൂടെ കൊണ്ടുവന്നത്.

2013-ലെ വെള്ളപ്പൊക്കത്തിലെ ദുരിതം നേരിട്ടനുഭവിച്ചവരാണ് ഇവരിൽ അധികവും. അന്ന് അറിയിപ്പില്ലാതെയാണ് വെള്ളം വന്നത്, അതും പുലർച്ചെ. നാട്ടുകാരുടെ സഹായത്തോടെ വടം കെട്ടിയും നീന്തിച്ചുമാണ് പശുക്കളെ അന്ന് രക്ഷപ്പെടുത്തിയതെന്ന് കർഷകനായ ഒ.എസ്. ദിവാകരൻ പറഞ്ഞു.

അതിനാൽ ഇത്തവണ വെള്ളം ഉയർന്നപ്പോൾ ഭാഗ്യപരീക്ഷണത്തിന് മുതിർന്നില്ല. അറിയിപ്പ് നേരത്തേ കിട്ടിയതിനാൽ വളർത്തുമൃഗങ്ങളെ മാറ്റാൻ സാവകാശം കിട്ടി. വീടും നാടും വിട്ടതിന്റെ അസ്വസ്ഥതകൾ പശുക്കളിൽ പ്രകടമാണെന്ന് കർഷകയായ അംബിക സഹദേവൻ പറഞ്ഞു. മൂന്നു പശുക്കളുമായാണ് ഇവർ ക്യാമ്പിൽ കഴിയുന്നത്. പ്രസവിക്കാറായ ഒരു പശുവും കൂട്ടത്തിലുണ്ട്. മഴനനഞ്ഞ് പശുക്കൾക്ക് അസുഖം പിടിപെട്ടു. മൃഗഡോക്ടർ വന്ന് പരിശോധിച്ച് മരുന്നു നൽകി.

പ്രസവിച്ച് നാലുദിവസമായ പശു, കിടാവ് എന്നിവയുമായാണ് ജലജ രവി എന്ന കർഷക ക്യാമ്പിൽ കഴിയുന്നത്.

വെള്ളിയാഴ്ച അഞ്ച് കെട്ട് പുല്ലാണ് ക്യാമ്പിൽ കിട്ടിയത്. 16 പശുക്കൾക്ക് ഇത് തികയുകപോലുമില്ല. വൈക്കോലും കിട്ടാനില്ല. കാഞ്ഞൂർ സൊസൈറ്റിയിലാണ് ഇവർ പാൽ അളക്കുന്നത്. രണ്ടുനേരവും കറന്നിരുന്നവർ സാഹചര്യം കൊണ്ട് ഒരുനേരമാക്കി.

ശനിയാഴ്ച വെള്ളം ഇറങ്ങിയതോടെ പശുക്കളെ വീടുകളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് കർഷകർ ആലോചിച്ചുതുടങ്ങി. ചിലർ ശനിയാഴ്ച വൈകീട്ടോടെ വാഹനത്തിൽ കയറ്റി പശുക്കളെ കൊണ്ടുപോയി.

Cap1കാഞ്ഞൂർ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽനിന്ന്‌ പശുക്കളെ വീട്ടിലേക്കെത്തിക്കുന്നതിനായി വാഹനത്തിൽ കയറ്റുന്നു