കാലടി : പ്രളയത്തെത്തുടർന്ന് മലയാറ്റൂർ മണപ്പാട്ടുചിറ പുറംതോട് കരകവിഞ്ഞൊഴുകാൻ ഇടയാക്കിയത് തോട്ടിൽ അനാവശ്യമായി നിന്ന തടസ്സങ്ങൾ മൂലമാണെന്ന് പ്രദേശവാസികൾ. തോട്ടിൽ അഞ്ചടിയോളം മണ്ണ് കിടന്നിരുന്നു. അനാവശ്യമായി തോടിനു നടുവിൽ നിൽക്കുന്ന പൈപ്പും വെള്ളം ഒഴുക്കിന് തടസ്സമായി. വർഷകാലത്ത് ചിറയിൽ നിന്ന് അധികം ജലം ഒഴുക്കുന്നതിന് പുറന്തോട് ഭാഗത്ത് ഇട ഭിത്തിയുണ്ട്. ഇതിലൂടെ വരുന്ന വെള്ളം കവിഞ്ഞ് ഒഴുകിപ്പോകുന്നതാണ് കൃഷിക്കും വീടുകൾക്കും നാശം ഉണ്ടാക്കുന്നത്. തോട്ടിൽ തടസ്സങ്ങൾ ഇല്ലെങ്കിൽ ഇത് സംഭവിക്കില്ല. ചുറ്റുമതിലുകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു.

പുറംതോടിലെ തടസ്സങ്ങൾ നീക്കണമെന്ന് ജലസേചന വകുപ്പിനോടും പഞ്ചായത്തിനോടും നേരത്തേ ആവശ്യപ്പെട്ടിരുന്നതാണെന്ന് മുൻ പഞ്ചായത്തംഗം ടി.ഡി. സ്റ്റീഫൻ പറഞ്ഞു. പഞ്ചായത്തും ഇടമലയാർ ഇറിഗേഷനും ചിറയുടെ അവകാശത്തെച്ചൊല്ലി തർക്കത്തിലാണ്.

കൃഷിക്കാർക്കും ജനങ്ങൾക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് തങ്ങളല്ല ഉത്തരവാദികൾ എന്നാണ് നിലപാട്. പുറന്തോട്ടിലുള്ള തടസ്സം നീക്കുന്നതിനും തകരാറിലായ കോൺക്രീറ്റ് ഭിത്തി പുതുക്കി പണിയുന്നതിനും അടിയന്തര നടപടി ഉണ്ടാകണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. ഈ ഭാഗത്ത് ഒരു ഷട്ടറോ, വാൽവോ നിർമിച്ച് ക്രമാതീതമായി വരുന്ന വെള്ളം തോട്ടിലൂടെ ഒഴുക്കിയാൽ നാശനഷ്ടങ്ങൾ ഒഴിവാക്കാനാകും. കനാലിൽ മതിലുകൾ ഉൾപ്പെടെ തകർന്ന് വീണു കിടക്കുകയാണ്. വരൾച്ച ഒഴിവാക്കണമെങ്കിൽ ഇടതുകര കനാൽ വെള്ളം തുറന്നുവിടേണ്ടതുണ്ട്. കനാലുകളിലെ തടസ്സം വെള്ളം ഒഴുകാനും ബുദ്ധിമുട്ടുണ്ടാക്കും. തടസ്സം നീക്കംചെയ്ത് കനാൽ തുറന്നില്ലെങ്കിൽ വെള്ളപ്പൊക്കത്തിനു ശേഷം ബാക്കിയായ കൃഷികൾ കൂടി ഉണങ്ങി നശിക്കുന്നതിന് കാരണമാകുമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നെൽസൺ മാടവന പറഞ്ഞു.