കാലടി : പൊതുപ്രവർത്തന രംഗത്തെ സജീവ സാന്നിധ്യമായിരുന്ന ബാലു ജി. നായരുടെ ആകസ്മിക വേർപാട് കാലടിക്കാർക്ക് വേദനയായി. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെയായിരുന്നു ബാലുവിന്റെ അന്ത്യം. ശ്രീശങ്കര കോളേജിലെ പഠനകാലം മുതൽ പൊതുരംഗത്ത് സജീവമായിരുന്ന ബാലു, കോളേജ് വിട്ടശേഷവും ആദിശങ്കര വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധം സൂക്ഷിച്ചു.

കോളേജിലെ പൂർവ വിദ്യാർഥി സംഘടനയുടെ മുൻനിര പ്രവർത്തകനായിരുന്നു. കെ.എസ്.യു.വിലൂടെ വളർന്ന് യൂത്ത് കോൺഗ്രസിന്റെ ബ്ളോക്ക് ഭാരവാഹിയും ഒടുവിൽ കാലടി ബ്ലോക്ക് കോൺഗ്രസ്-ഐ എക്സിക്യുട്ടീവ് അംഗവുമായി.

നിരവധി യുവജന പ്രക്ഷോഭ സമരങ്ങൾ മുന്നിൽ നിന്ന് നയിച്ചു. ഐ.എൻ.ടി.യു.സി. യുവജന വിഭാഗം സംസ്ഥാന ജന. സെക്രട്ടറിയും ആയിരുന്നു. കുറച്ചുനാൾ മാധ്യമപ്രവർത്തകനുമായിരുന്നു. ഏതാനും ആൽബങ്ങളിലും സിനിമകളിലും ചെറിയ വേഷങ്ങൾ ചെയ്തു. വിപുലമായ സൗഹൃദവലയത്തിന്‌ ഉടമയായിരുന്നു. കാലടി, അങ്കമാലി മേഖലകളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ ഉണ്ടായിരുന്നു.