കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ഏർപ്പെടുത്തിയ പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ പുരസ്കാരം മലയാളം കംപ്യൂട്ടർ അധിഷ്ഠിത ലിപി വ്യവസ്ഥയുടെ ആവിഷ്‌കർത്താവായ കെ.എച്ച്. ഹുസൈന് നൽകും. മലയാളത്തിന്റെ തനതുലിപി കംപ്യൂട്ടറിൽ ആദ്യമായി സാദ്ധ്യമാക്കിയ ’രചന’ അക്ഷരവേദിയുടെ മുഖ്യ ശില്പിയാണ് കെ.എച്ച്. ഹുസൈൻ. 1999-ലാണ് രചന ഫോണ്ട് രൂപകൽപ്പന ചെയ്തത്. മലയാളത്തിൽ ആദ്യമായി കംപ്യൂട്ടർ അധിഷ്ഠിത വിവരവ്യവസ്ഥ സജ്ജമാക്കിയതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിലെ അപൂർവ ഗ്രന്ഥങ്ങൾ ഡിജിെറ്റെസ് ചെയ്തുകൊണ്ട് 2006-ൽ ആരംഭിച്ച ഈ സംരംഭം ഇതിനകം 35 ലക്ഷം പേജുകൾ ആർക്കൈവ് ചെയ്തുകഴിഞ്ഞു. യൂണിക്കോഡിന്റെ ഭാഷാ സാങ്കേതികത രൂപപ്പെടുത്തുന്നതിലും മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. പീച്ചിയിലെ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സയന്റിസ്റ്റായി വിരമിച്ച ഹുസൈൻ ഭാഷാ സാങ്കേതിക രംഗത്ത് ഇപ്പോഴും സജീവമായി പ്രവർത്തിച്ചുപോരുന്നു. നവംബർ ഒന്നിന് സർവകലാശാലയിൽ നടക്കുന്ന ചടങ്ങിൽ വൈസ് ചാൻസലർ ധർമരാജ് അടാട്ട് പുരസ്കാരം സമ്മാനിക്കും.