കാക്കനാട്: ഭരണം കിട്ടിയപ്പോൾ തുടക്കത്തിൽ തന്നെ അവഗണിച്ച സ്വന്തം പാർട്ടിയെ കളത്തിന് പുറത്തിറക്കാനായതാണ് ഷീല ചാരുവെന്ന കോൺഗ്രസ് അംഗത്തിന്റെ നേട്ടം.
രണ്ടര വർഷത്തെ എൽ.ഡി.എഫ്. ഭരണം അവസാനിപ്പിച്ച് യു.ഡി.എഫ്. അധികാരം പിടിച്ചപ്പോൾ 20-ാം വാർഡ് കൗൺസിലർ ഷീല ചാരുവിനെ യു.ഡി.എഫ്. പരിഗണിച്ചതേയില്ലായിരുന്നു.
പട്ടികജാതി വനിതാ സംവരണ സീറ്റായ ചെയർപേഴ്സൺ സ്ഥാനത്തേക്ക് ആദ്യം എം.ടി. ഓമനയേയും പിന്നീട് അജിത തങ്കപ്പനേയുമാണ് യു.ഡി.എഫ്. നിർദേശിച്ചത്. ഇവർ ഊഴം വെച്ച് നഗരസഭയുടെ ഭരണം കൈയാളുമെന്ന് പ്രഖ്യാപനം വന്നപ്പോൾ ഷീല ചാരു അസ്വസ്ഥയായിരുന്നു. ചെയർപേഴ്സൺ സ്ഥാനത്തേക്ക് തന്നേയും പരിഗണക്കണമെന്ന് ആഴ്ചകൾക്ക് ശേഷം ഷീല ചാരുവിന് കോൺഗ്രസ് നേതാക്കളോട് തുറന്നുപറയേണ്ടി വന്നു.
ഒടുവിൽ, ഷീല ചാരുവിനേയും കസേര വീതംവെയ്പിൽ ഉൾപ്പെടുത്തിയാണ് യു.ഡി.എഫ്. താത്കാലികമായി പ്രശ്നപരിഹാരം ഉണ്ടാക്കിയത്. ഒരുകൊല്ലം വീതം എം.ടി. ഓമനയേയും അജിത തങ്കപ്പനേയും ചെയർപേഴ്സണാക്കുക, അവസാന ആറുമാസം ഷീല ചാരുവിനും ഈ കസേര നൽകുക. ഇതായിരുന്നു യു.ഡി.എഫ്. ഫോർമുല.
എന്നാൽ, ഈ തീരുമാനത്തോട് ഷീല ചാരു തികച്ചും അസംതൃപ്തയായിരുന്നുവെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞദിവസങ്ങളിൽ കണ്ടത്. അവസാന ആറു മാസം ഒരു ഞാണിൻമേൽ കളിയാണെന്ന് അവർ തിരിച്ചറിഞ്ഞു. തിരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ചാലോ അജിത തങ്കപ്പൻ സ്ഥാനമൊഴിയില്ലെന്ന് പറഞ്ഞാലോ തനിക്ക് ചെയർപേഴ്സൺ സ്ഥാനം ലഭിക്കാതെ വരും. അവസാന ആറുമാസത്തേക്കുള്ള ഭരണം സ്വപ്നമായി മാറാൻ സാധ്യതയുണ്ടെന്ന് തോന്നിയതോടെയാണ് ഷീല ചാരു മറുകണ്ടം ചാടിയത്.
വിപ്പ് നേരിട്ട് കൈപ്പറ്റിയില്ലെങ്കിലും ഷീല ചാരു വിപ്പ് ലംഘനം നടത്തിയതായി കാണിച്ച് ഡി.സി.സി. പ്രസിഡന്റ്, തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചേക്കും. തിരഞ്ഞെടുപ്പ് കമ്മിഷൻ ഈ വാദം അംഗീകരിക്കുകയാണെങ്കിൽ ഷീല ചാരുവിന് ആറുമാസത്തിന് മുൻപേ രാജിവെയ്ക്കേണ്ടി വരും. എന്നാൽ ഈ കാലയളവിൽ എൽ.ഡി.എഫിന്റെ കീഴിൽ സുരക്ഷിതമായി ചെയർപേഴ്‌സണായിരിക്കാമെന്ന നേട്ടം ഷീല ചാരുവിന് ലഭിച്ചേക്കും.
മത്സരരംഗത്ത് വിലക്കേർപ്പെടുത്തിയാലും പട്ടികജാതി വനിതാ സംവരണമായി മാറിയ തൃക്കാക്കരയുടെ ചെയർപേഴ്സണാകാൻ കഴിഞ്ഞുവെന്നത് ചരിത്രമാകും. ചെയർപേഴ്സണാകാൻ നേരിയ സാധ്യത മാത്രം വാഗ്ദാനം ചെയ്ത യു.ഡി.എഫിനേക്കാളും കൂടുതൽ സാധ്യത നൽകിയ എൽ.ഡി.എഫിന്റെ ഒപ്പം ചേരാൻ ഷീല തീരുമാനിച്ചതും ഈ കാരണങ്ങൾ കൊണ്ടാണ്.
ചുമതല മേരി കുര്യന്
കാക്കനാട്: പുതിയ ചെയർപേഴ്സണെയും വൈസ് ചെയർമാനെയും തിരഞ്ഞെടുക്കുന്നതു വരെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേരി കുര്യൻ നഗരസഭാ ചെയർപേഴ്സന്റെ ചുമതല വഹിക്കും. ഇതു രണ്ടാം തവണയാണ് ഇവർ ആക്ടിങ് ചെയർപേഴ്‌സനാകുന്നത്.
ഷീലയെ സസ്പെൻഡ് ചെയ്തു
കാക്കനാട്: എൽ.ഡി.എഫിലേക്ക് കൂറുമാറി അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച കോൺഗ്രസ് കൗൺസിലർ ഷീല ചാരുവിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ഡി.സി.സി. പ്രസിഡന്റ് ടി.ജെ. വിനോദ് അറിയിച്ചു. ഇവർക്കെതിരേ കൂറുമാറ്റ നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകാനും പാർട്ടി തീരുമാനിച്ചു.