കാക്കനാട്: കുടിവെള്ളക്ഷാമം മുതലെടുത്ത് തമിഴ്നാട് ടാങ്കർ ലോറിയുടെ മലിനജലം കയറ്റിയുള്ള സർവീസിന് വാഹനവകുപ്പ് പൂട്ടിട്ടു. വാഹനത്തിന് പെർമിറ്റ് പോലുമില്ലാതെ നിർമാണ സൈറ്റുകളുടെ മറവിലായിരുന്നു തട്ടിപ്പ്. എറണാകുളം ആർ.ടി.ഒ. ജോജി പി. ജോസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് മുളവുകാട് പ്രദേശത്ത് വെള്ളം നിറച്ചുള്ള ഓട്ടത്തിനിടെയാണ് ടാങ്കറിന് പിടിവീണത്.
കുടിവെള്ള സർവീസ് നടത്താൻ ജില്ലാ ഭരണകൂടം അനുമതി നൽകിയിട്ടുള്ള ടാങ്കറുകളേക്കാൾ കുറഞ്ഞ നിരക്കിലാണ് ഈ ടാങ്കറുകൾ കുടിവെള്ളമെന്ന വ്യാജേന മലിനജലം വിതരണം ചെയ്യുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തി. കുടിവെള്ളവും മലിനജലവും വിതരണം ചെയ്യുന്ന വാഹനങ്ങളെ തിരിച്ചറിയാൻ പ്രത്യേക നിറങ്ങൾ മോട്ടോർ വാഹനവകുപ്പ് നൽകിയിട്ടുണ്ട്. എന്നാൽ തമിഴ്‌നാട്ടിൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് ഈ നിയമമൊന്നും ബാധകമല്ല. അവിടെ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ ഇവിടെ ഓടിക്കണമെങ്കിൽ കേരള പെർമിറ്റ് എടുക്കണം. കൂടാതെ ചട്ടങ്ങളും പാലിക്കണം. എന്നാൽ ഇതൊന്നുമില്ലാതെ തമിഴ്നാട് ടാങ്കറുകൾ നഗര-പ്രാന്ത പ്രദേശങ്ങളിൽ വ്യാപകമായി അനധികൃത സർവീസ് നടത്തുന്നുണ്ടെന്നാണ് വാഹന വകുപ്പിന്റെ പ്രാഥമിക പരിശോധയിൽ കണ്ടെത്തിയിരിക്കുന്നത്.
പാറമടകളിലെ അഴുക്ക് ജലം നിർമാണ സൈറ്റുകളിലേക്ക് എത്തിക്കുന്ന ടാങ്കറുകൾ വീടുകളിലേക്കും ഹോട്ടലുകളിലേക്കും വെള്ളമെത്തിക്കുന്നുണ്ടെന്നാണ് സൂചന. പിടികൂടിയ വാഹന ഡ്രൈവറെ ചോദ്യം ചെയ്തപ്പോൾ നിർമാണ സൈറ്റുകളിലേക്ക് വെള്ളമെത്തിക്കുന്നതിനാണ് ചുമതലപ്പെടുത്തിയിരുന്നതെന്നാണ് വിശദീകരണം. എന്നാൽ നിർമാണ സൈറ്റിന്റെ പേര് ഇയാൾ വെളിപ്പെടുത്തിയില്ല. ആവശ്യക്കാർക്ക് മലിനജലം നിറച്ച് കൊണ്ടു പോകുമ്പോഴാണ് ടാങ്കർ പിടിയിലായതെന്നാണ് വാഹന വകുപ്പ് അധികൃതർ സംശയിക്കുന്നു.
ശുദ്ധജലക്ഷാമം മുതലാക്കി ഹോട്ടലുകളിലേക്കും വീടുകളിലേക്കും മലിനജലം എത്തിക്കുന്ന അനധികൃത ടാങ്കറുകൾ വ്യാപകമാണെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കാനാണ് വകുപ്പിന്റെ തീരുമാനം. പിടികൂടിയ തമിഴ്നാട് ടാങ്കറിൽ നിന്ന് 21,000 രൂപ നികുതിയും 5,000 രൂപ പിഴയും ഈടാക്കി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൽദോ വർഗീസ്, അസി. ഇൻസ്പെക്ടർമാരായ കമൽ ബാബു, നെവിൻ എന്നിവർ ചേർന്നാണ് ടാങ്കർ പിടികൂടിയത്.