കാക്കനാട്: ടൂറിസ്റ്റ് ബസുകളെ ഡാൻസ് ക്ലബ്ബുകളാക്കുന്ന രീതിക്ക്‌ കടിഞ്ഞാണിടാൻ മോട്ടോർ വാഹന വകുപ്പ് രംഗത്തിറങ്ങിയപ്പോൾ പിടിയിലായത് 41 ബസുകൾ. വിനോദയാത്രകളുടെ ആവേശം കൂട്ടാൻ ടൂറിസ്റ്റ് ബസുകളിൽ സ്ഥാപിക്കുന്ന മ്യൂസിക് സിസ്റ്റത്തിനും എൽ.ഇ.ഡി. ലൈറ്റിങ്ങിനുമാണ് ബുധനാഴ്ച നടന്ന പരിശോധനയിൽ പിടിവീണത്. ഇത് അപകടങ്ങൾക്കിടയാക്കുന്നുവെന്ന് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തലിനെ തുടർന്നാണ് നടപടി.

എൽ.ഇ.ഡി. ബൾബിന്റെ വെളിച്ചത്തിൽ അടിമുടി തിളങ്ങി, ഉഗ്രശബ്ദത്തിൽ തകർപ്പൻ പാട്ടുവച്ചു പാഞ്ഞ ടൂറിസ്റ്റ് ബസുകളാണ് മോട്ടോർവാഹന വകുപ്പ് പിടിച്ചത്. വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്ന ടൂറിസ്റ്റ് ബസുകളും വാനുകളും നിയമം അനുവദിക്കാത്ത ലൈറ്റുകൾ ഉപയോഗിച്ചതായി കണ്ടെത്തി. ലേസർ ലൈറ്റുകളും എതിർവശത്തുനിന്നു വരുന്ന വാഹനത്തിലെ ഡ്രൈവറുടെ കണ്ണ് അടിച്ചുപോകുന്ന ആർഭാട ലൈറ്റുകളുമാണ്‌ മിക്ക വാഹനങ്ങളിലുമുണ്ടായിരുന്നത്. ഉയർന്ന വാട്ട്‌സ് ശബ്ദം പുറപ്പെടുവിക്കുന്ന മ്യൂസിക് സിസ്റ്റവും പല വാഹനങ്ങളിലുമുണ്ടായിരുന്നു.

വലിയ സ്പീക്കറുകളും സബ് വൂഫറുകളും ഘടിപ്പിച്ച് ഉച്ചത്തിൽ പാട്ടുവച്ചു പാഞ്ഞ വാഹനങ്ങളും പരിശോധനയിൽ കുടുങ്ങി. ഇവയെല്ലാം അഴിച്ചുമാറ്റി വാഹനം പഴയ പടിയാക്കി മോട്ടോർ വാഹന വകുപ്പിനു മുൻപാകെ ഹാജരാകണമെന്ന്‌ നിർദേശിച്ച് പിഴ ചുമത്തിയാണ്‌ വാഹനങ്ങൾ വിട്ടയച്ചത്.

ചുറ്റും പലനിറത്തിൽ മിന്നിക്കത്തുന്ന എൽ.ഇ.ഡി. ബൾബുകളുമായി ഓടുന്ന ബസുകൾ മറ്റു വാഹനങ്ങൾക്കു ഭീഷണിയാണ്. നാലു ഭാഗത്തും മിന്നിത്തിളങ്ങി ലൈറ്റ് ഉള്ളതിനാൽ ഇൻഡിക്കേറ്ററും ബ്രേക്ക് ലൈറ്റും തിരിച്ചറിയാനാകില്ല. ഇത് അപകടത്തിന്‌ വഴിതെളിക്കാറുണ്ട്. എതിർവശത്തു നിന്നെത്തുന്ന വാഹനങ്ങളിലെയും പിന്നിൽ വരുന്ന വാഹനങ്ങളിലെയും ഡ്രൈവർമാരുടെ ശ്രദ്ധതെറ്റുന്ന തരത്തിലാണ് പല ടൂറിസ്റ്റ് ബസുകളിലെയും വാനുകളിലെയും ലൈറ്റുകൾ.

വാഹനങ്ങളിലെ ലൈറ്റുകളുടെ കാര്യത്തിലും നിശ്ചിത ഇന്ത്യൻ സ്റ്റാൻഡേർഡുകൾ പാലിക്കണമെന്നാണ് 1989 കേന്ദ്ര മോട്ടോർ വാഹന വകുപ്പ് ചട്ടം 124 അനുശാസിക്കുന്നത്. എറണാകുളം ആർ.ടി.ഒ. ജോജി പി. ജോസ്, എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. കെ.എം. ഷാജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധന തുടരുമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരേ കർശന നടപടിയെടുക്കുമെന്നും ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ പറഞ്ഞു.