കാക്കനാട്: ഹർത്താലിൽ കാക്കനാടിന്റെ പലയിടങ്ങളിലും അക്രമം നടന്നു. ചെമ്പുമുക്കിൽ കാറ്ററിങ് വാഹനത്തിന്റെ ചില്ല് എറിഞ്ഞ് തകർത്തു. വാഴക്കാലയിൽ ഫിഷ് സ്റ്റാൾ സമരക്കാർ അടപ്പിക്കാനുള്ള ശ്രമത്തിനിടെ പോലീസും സമരക്കാരും ചെറിയതോതിൽ ഏറ്റുമുട്ടി. തുടർന്ന് പ്രവർത്തകരെ പോലീസ് ലാത്തിവീശി ഓടിച്ചു.
ചെമ്പുമുക്കിൽ നിന്നു മുദ്രവാക്യം വിളിച്ച് പ്രകടനമായി വാഴക്കാലയിൽ എത്തിയപ്പോൾ സമരക്കാർ നമ്പൂതിരി സൂപ്പർ മാർക്കറ്റിന്റെ മുമ്പിലെ മത്സ്യ സ്റ്റാളാണ് അടപ്പിക്കാൻ ശ്രമിച്ചത്. ഇതിനെ എതിർത്ത് പോലീസ് രംഗത്തെത്തിയതോടെ സംഘർഷാവസ്ഥയായി. തുടർന്ന് പോലീസ് ലാത്തിവീശി ഓടിക്കുകയായിരുന്നു. കാക്കനാട്-സിവിൽലൈൻ റോഡിൽ ചെമ്പുമുക്കിൽ ശബരിമല കർമസമിതിയും ബി.ജെ.പി.യും വഴിതടയുന്ന നേരത്താണ് അതുവഴി വന്ന കാറ്ററിങ് യൂണിറ്റ് വാഹനത്തിന് നേരെ കല്ലേറുണ്ടായത്.
വഴി തടഞ്ഞതിനും കടയിൽ കയറി അതിക്രമത്തിന് ശ്രമിച്ചതിനുമാണ് 34 ബി.ജെ.പി. പ്രവർത്തകർക്കെതിരേ കേസ്സെടുത്തതെന്ന് പോലീസ് പറഞ്ഞു.