കൊച്ചി : കാക്കനാട് മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിലെടുത്ത യുവതിയെ ഒഴിവാക്കിയത് കാമുകനായ പ്രതി കേണപേക്ഷിച്ചതോടെ. കേസിൽ ഏഴു പേരെ കസ്റ്റഡിയിലെടുത്തതു മുതൽ മുഖ്യപ്രതി തന്റെ കാമുകിയെ ഒഴിവാക്കണമെന്ന് എക്സൈസിനോട് അപേക്ഷിച്ചുകൊണ്ടിരുന്നു. മയക്കുമരുന്ന് വ്യാപാരത്തെക്കുറിച്ച് കാമുകിക്ക് ഒന്നും അറിയില്ലെന്നും താൻ ആവശ്യപ്പെട്ട പ്രകാരം അപ്പാർട്ട്‌മെന്റിൽ വന്നതാണെന്നുമാണ് ഇയാൾ പറഞ്ഞത്.

കാമുകിക്ക് രണ്ട് കുട്ടികളുള്ളതാണെന്നും കേസിൽ കുടുക്കിയാൽ ഇവരുടെ കാര്യം കഷ്ടമാകുമെന്നെല്ലാം പറഞ്ഞതോടെ എക്സൈസ് ഉദ്യോഗസ്ഥരുടെ മനസ്സലിഞ്ഞു. ഇതോടെ ഇവരെ ഒഴിവാക്കാൻ ഉദ്യോഗസ്ഥൻ തീരുമാനിക്കുകയായിരുന്നു. ഇവരെ കേസിൽ പ്രതിചേർക്കാതെ മാറ്റിനിർത്തിയതിനെ പ്രതി ശബ്നതന്നെ എക്സൈസ് ഓഫീസിൽവെച്ച് ചോദ്യം ചെയ്തിരുന്നു. കേസിൽ ഇവർക്കും പങ്കുണ്ടെന്നായിരുന്നു ശബ്ന പറഞ്ഞത്. എന്നാൽ, ഇതിനെ കേസിലെ മുഖ്യപ്രതി എതിർക്കുകയും ശബ്‌നയെ തടയാൻ ശ്രമിക്കുകയും ചെയ്തു.

പ്രതിയായ ശബ്‌ന മയക്കുമരുന്നടങ്ങിയ കവർ എടുത്തുകൊണ്ടുപോകുമ്പോഴും യുവതി അരികിൽ നിൽക്കുന്നത് സി.സി.ടി.വി. ദൃശ്യങ്ങളിലുണ്ട്. ഇതിനാൽത്തന്നെ മയക്കുമരുന്ന് ഒളിപ്പിച്ച കാര്യം യുവതിക്ക് അറിയാമെന്നാണ് കരുതുന്നത്.

അതേസമയം, കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനെ എന്തുകൊണ്ട് കേസിൽ നിന്ന് ഒഴിവാക്കിയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ നൽകാമെന്ന ഉറപ്പിൽ കേസിൽ പിടിയിലാകുന്ന ചിലരെ ഒഴിവാക്കുന്ന രീതി എക്സൈസിനും പോലീസിനുമുണ്ട്. കേസിൽ വലിയ ബന്ധമില്ലാത്തവരെയാണ് ഇങ്ങനെ ഒഴിവാക്കാറ്്‌. ഇങ്ങനെയാണോ യുവാവിനെ കേസിൽ പ്രതിയാക്കാതെ മാറ്റിനിർത്തിയതെന്നാണ് സംശയിക്കുന്നത്.

അതേസമയം, ഏത് സാഹചര്യത്തിൽ പ്രതികളെ ഒഴിവാക്കിയാലും പരിശോധനയ്ക്ക് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥരോട് ഈ വിഷയം ചർച്ച ചെയ്യേണ്ടതുണ്ട്. കാരണം, പ്രതികൾക്ക് കേസിൽ എത്രത്തോളം പങ്കുണ്ടെന്ന് പറയാൻ സാധിക്കുക പരിശോധനയ്ക്ക് പോകുന്ന ഉദ്യോഗസ്ഥരാകും. എന്നാൽ, ഇതിന് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത ഉദ്യോഗസ്ഥർ മുതിർന്നില്ല.