കാക്കനാട്: പടമുകൾ-ഓലിക്കുഴി റോഡിൽ രാത്രി കാർ നിയന്ത്രണംവിട്ട് വീടിനുമേലേക്ക്‌ വീണു. സ്റ്റിയറിങ്‌ ജാമായതിനെ തുടർന്ന് കാർ നിയന്ത്രണംവിട്ട് റോഡിൽ നിന്ന് താഴ്ചയിലുള്ള അഞ്ചുമുറി അഷ്‌റഫിന്റെ വീടിന്റെ അടുക്കള ഭാഗത്തേക്ക് വീഴുകയായിരുന്നു.

സംഭവത്തിന് ഏതാനും മിനുറ്റുകൾ മുമ്പ് അടുക്കളജോലി കഴിഞ്ഞ് വീട്ടുകാർ അകത്തേക്ക് പോയതുകൊണ്ട് തലനാരിഴയ്ക്ക് ദുരന്തം ഒഴിവായി.

ഇൻഫോപാർക്കിലെ യുവാക്കൾ ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. പരിക്കേൽക്കാതെ യുവാക്കൾ പുറത്തിറങ്ങിയെങ്കിലും കാർ മുകളിൽത്തന്നെ തങ്ങിനിന്നു. പോലീസെത്തി ക്രെയിനിന്റെ സഹായത്തോടെയാണ് കാർ പുറത്തെടുത്തത്.