കാക്കനാട്: പുഴവെള്ളം ഇറങ്ങിത്തുടങ്ങിയതിനാൽ ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിച്ചിരുന്നവർ വീടുകളിലേക്ക് മടങ്ങിത്തുടങ്ങിയ സാഹചര്യത്തിൽ പകർച്ചവ്യാധികൾ പടർന്നുപിടിക്കാതിരിക്കാൻ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ. കാനകളും തോടുകളും കവിഞ്ഞൊഴുകിയിരിക്കുന്നതിനാൽ കുടിവെള്ള സ്രോതസ്സുകളും വീടും പരിസരവും മലിനമായിരിക്കും. ഇത് വയറിളക്ക രോഗങ്ങൾ, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയവ പടർന്നുപിടിക്കുന്നതിന് ഇടയാക്കുമെന്നതിനാൽ താഴെ പറയുന്ന മുൻകരുതൽ നടപടികൾ അടിയന്തരമായി സ്വീകരിക്കണം.

* വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിൽ വീടുകളും സ്ഥാപനങ്ങളും ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം അണുനശീകരണി ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയതിനു ശേഷം മാത്രം വീണ്ടും ഉപയോഗിക്കുക.

* വെള്ളക്കെട്ടു മൂലം മലിനപ്പെട്ട കിണറുകളും കുടിവെള്ള ടാങ്കുകളും ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ശുദ്ധീകരിച്ചതിനു ശേഷം മാത്രം ഉപയോഗിക്കുക.

* കക്കൂസ് ടാങ്കിന്റെ കേടുപാടുകൾ പരിശോധിച്ച് അത് വെള്ളപ്പൊക്കത്തിൽ തകർന്നിട്ടില്ല എന്ന് ഉറപ്പു വരുത്തണം. കക്കൂസും പരിസരവും വൃത്തിയാക്കിയിട്ടു വേണം ഉപയോഗിക്കാൻ.

* കൈകാലുകളിൽ മുറിവുള്ളവർ ഡോക്ടറെ കണ്ട് ഉപദേശം തേടിയതിനു ശേഷം ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുക.

* മലിനജലത്തിൽ ജോലി ചെയ്യേണ്ട സാഹചര്യത്തിൽ വ്യക്തിഗത സുരക്ഷാ ഉപാധികൾ (ഗംബൂട്ട്, െെകയുറ തുടങ്ങിയവ) നിർബന്ധമായും ഉപയോഗിക്കണം.

* വെള്ളപ്പൊക്കത്തെ തുടർന്ന് അടച്ചിട്ടിരുന്ന വീടുകളിൽ തുറന്ന നിലയിൽ സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കളും മറ്റും എലിമൂത്രത്താൽ മലിനമായിരിക്കാൻ ഇടയുള്ളതിനാൽ അവ ഉപയോഗിക്കരുത്.

* പാകം ചെയ്യാൻ ഉപയോഗിക്കുന്ന പാത്രങ്ങൾ, ഗ്ലാസുകൾ തുടങ്ങിയ വസ്തുക്കൾ തിളപ്പിച്ച വെള്ളത്തിൽ കഴുകിയെടുത്തതിനു ശേഷം ഉപയോഗിക്കുക.

* വീട് വൃത്തിയാക്കുമ്പോൾ പാഴ്‌വസ്തുക്കൾ അലക്ഷ്യമായി വലിച്ചെറിയരുത്.

* ഈച്ചശല്യം ഒഴിവാക്കുന്നതിനായി ഭക്ഷണാവശിഷ്ടങ്ങൾ പുറത്തേക്ക് വലിച്ചെറിയാതിരിക്കാൻ ശ്രദ്ധിക്കുക.

* ഭക്ഷണസാധനങ്ങൾ അടച്ചു സൂക്ഷിക്കുക.

* ചുറ്റുപാടും വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക.

* വീടിനു പുറത്ത് ഇറങ്ങുമ്പോഴെല്ലാം നിർബന്ധമായും ചെരിപ്പ് ഉപയോഗിക്കുക.

* തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക

* ആഹാരം കഴിക്കുന്നതിനു മുൻപും ഭക്ഷണ സാധനങ്ങൾ കൈകാര്യം ചെയ്യുന്നതിനു മുൻപും ശൗചാലയം ഉപയോഗിച്ചതിനു ശേഷവും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക.

* വൈറൽ പനി, എച്ച്-1 എൻ-1 മുതലായ പകർച്ചവ്യാധികൾ തടയാൻ, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല ഉപയോഗിച്ച് മറയ്ക്കേണ്ടതാണ്.

* തുറസ്സായ സ്ഥലങ്ങളിൽ തുപ്പുകയോ മലമൂത്ര വിസർജനം നടത്തുകയോ ചെയ്യരുത്.

* പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടായാൽ സ്വയം ചികിത്സിക്കാതെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടണം.