കാക്കനാട് : തൃക്കാക്കരയിൽ മൂന്നുപേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ, ജില്ലാ ആസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 94 ആയി.

വ്യാഴാഴ്ച നഗരസഭ രണ്ടാം ഡിവിഷനായ ബി.എം. നഗറിന് സമീപം ഉല്ലാസ് നഗറിൽ താമസിക്കുന്ന പ്ലസ്ടു വിദ്യാർഥിനിക്കും (17), 40-ാം ഡിവിഷനായ സഹകരണ റോഡിൽ തോപ്പിൽ മരോട്ടിച്ചുവട് റോഡിൽ കണ്ണംമുറി ലെയ്‌നിൽ ഒരു വീട്ടിൽ താമസിക്കുന്ന 40-ഉം, 36-ഉം വയസ്സുള്ള സഹോദരിമാർക്കുമാണ് കോവിഡ് പോസ്റ്റീവായത്.

മാളിൽ ജോലി ചെയ്തിരുന്ന സഹോദരിക്ക് നേരത്തെ കോവിഡ് പോസ്റ്റീവായതിനെ തുടർന്നുള്ള സമ്പർക്കത്തിലൂടെയാണ് 17-കാരിക്ക് രോഗബാധ. എന്നാൽ, രോഗം സ്ഥിരീകരിച്ച സഹോദരിമാരുടെ രോഗ ഉറവിടം വ്യക്തമായിട്ടില്ല. ആശാ വർക്കർ, പാലിയേറ്റീവ് കെയർ ജീവനക്കാർ, ആംബുലൻസ് ഡ്രൈവർ, അടുത്ത ബന്ധുക്കൾ, അയൽവാസികൾ തുടങ്ങി 12 പേരാണ് ഇവരുടെ സമ്പർക്കപ്പട്ടികയിലുള്ളത്.

ഒരോ ദിവസവും കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനോടൊപ്പം, മറ്റു വാർഡുകളിലേക്കും സമൂഹവ്യാപനത്തിലൂടെ കോവിഡ് പകരുന്നത് ആശങ്ക ഉണർത്തുന്നു. രോഗ നിയന്ത്രണത്തിന്റെ പുരോഗതി അനുസരിച്ച് മാത്രമേ കണ്ടെയ്‌ൻമെന്റ് സോണുകളിൽ ഇളവുകൾ വരുത്താൻ കഴിയുകയുള്ളൂവെന്ന് അധികൃതർ പറയുന്നു.

ക്വാറന്റീനിൽ കഴിയുന്ന എല്ലാവരും ജാഗ്രതയോടെ മുന്നോട്ട് നീങ്ങിയാൽ മാത്രമേ രോഗത്തെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ കഴിയുകയുള്ളൂവെന്നും ഇതിനായി എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

എന്നാൽ, ഒട്ടേറെപ്പേരുടെ പരിശോധനാ ഫലങ്ങളാണ് ഇപ്പോഴും ലഭിക്കാനുള്ളത്. ഇതുമൂലം കൃത്യമായി അവലോകനം നടത്തി, ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ അധികൃതർക്കും കഴിയുന്നില്ല. ഈ സാഹചര്യത്തിൽ വേഗത്തിൽ ഫലങ്ങൾ ലഭിക്കുന്ന മറ്റു ടെസ്റ്റുകൾ കൂടി നടത്തണമെന്ന ആവശ്യവും ശക്തമാണ്.

ഏലിയാമ്മയുടെ കുടുംബാംഗങ്ങൾക്ക് രോഗമുക്തി

കൊച്ചി : കോവിഡ് ബാധിച്ച് മരിച്ച കരിങ്ങാച്ചിറ ചക്കിയാട്ടിൽ ഏലിയാമ്മ (85) യുടെ കുടുംബാംഗങ്ങളിൽ രോഗം ബാധിച്ചിരുന്ന മൂന്നുപേർ വ്യാഴാഴ്ച രോഗമുക്തി നേടി ആശുപത്രി വിട്ടു. കുടുംബാംഗമായ നഴ്സിനും അവരുടെ ഭർത്താവിനും മകനുമാണ് രോഗം ബാധിച്ചത്.

ഏലിയാമ്മയുടെ മക്കൾ: സി.എം. കുര്യൻ, സി.എം. മാത്യു, പൗലോസ്, സൂസി, പരേതയായ മിനി. മരുമക്കൾ: ഷീലു, മേഴ്സി, സാലി, ബേബി.

ശവസംസ്കാരം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം വെള്ളിയാഴ്ച കരിങ്ങാച്ചിറ സെയ്‌ന്റ് ജോർജ് കത്തീഡ്രലിൽ നടക്കും.