കാക്കനാട് : തൃക്കാക്കരയിൽ മൂന്നുപേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ, ജില്ലാ ആസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം നൂറോടടുക്കുന്നു.

വ്യാഴാഴ്ച നഗരസഭ രണ്ടാം ഡിവിഷനായ ബി.എം. നഗറിന് സമീപം ഉല്ലാസ് നഗറിൽ താമസിക്കുന്ന പ്ലസ്ടു വിദ്യാർഥിനിക്കും (17), 40-ാം ഡിവിഷനായ സഹകരണ റോഡിൽ തോപ്പിൽ മരോട്ടിച്ചുവട് റോഡിൽ കണ്ണംമുറി ലെയ്‌നിൽ ഒരു വീട്ടിൽ താമസിക്കുന്ന 40-ഉം, 36-ഉം വയസ്സുള്ള സഹോദരിമാർക്കുമാണ് കോവിഡ് പോസ്റ്റീവായത്.

മാളിൽ ജോലി ചെയ്തിരുന്ന സഹോദരിക്ക് നേരത്തെ കോവിഡ് പോസ്റ്റീവായതിനെ തുടർന്നുള്ള സമ്പർക്കത്തിലൂടെയാണ് 17-കാരിക്ക് രോഗബാധ. എന്നാൽ, രോഗം സ്ഥിരീകരിച്ച സഹോദരിമാരുടെ രോഗ ഉറവിടം വ്യക്തമായിട്ടില്ല. ആശാ വർക്കർ, പാലിയേറ്റീവ് കെയർ ജീവനക്കാർ, ആംബുലൻസ് ഡ്രൈവർ, അടുത്ത ബന്ധുക്കൾ, അയൽവാസികൾ തുടങ്ങി 12 പേരാണ് ഇവരുടെ സമ്പർക്കപ്പട്ടികയിലുള്ളത്.

ഒരോ ദിവസവും കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനോടൊപ്പം, മറ്റു വാർഡുകളിലേക്കും സമൂഹവ്യാപനത്തിലൂടെ കോവിഡ് പകരുന്നത് ആശങ്ക ഉണർത്തുന്നു. രോഗ നിയന്ത്രണത്തിന്റെ പുരോഗതി അനുസരിച്ച് മാത്രമേ കണ്ടെയ്‌ൻമെന്റ് സോണുകളിൽ ഇളവുകൾ വരുത്താൻ കഴിയുകയുള്ളൂവെന്ന് അധികൃതർ പറയുന്നു.

ക്വാറന്റീനിൽ കഴിയുന്ന എല്ലാവരും ജാഗ്രതയോടെ മുന്നോട്ട് നീങ്ങിയാൽ മാത്രമേ രോഗത്തെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ കഴിയുകയുള്ളൂവെന്നും ഇതിനായി എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

എന്നാൽ, ഒട്ടേറെപ്പേരുടെ പരിശോധനാ ഫലങ്ങളാണ് ഇപ്പോഴും ലഭിക്കാനുള്ളത്. ഇതുമൂലം കൃത്യമായി അവലോകനം നടത്തി, ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ അധികൃതർക്കും കഴിയുന്നില്ല. ഈ സാഹചര്യത്തിൽ വേഗത്തിൽ ഫലങ്ങൾ ലഭിക്കുന്ന മറ്റു ടെസ്റ്റുകൾ കൂടി നടത്തണമെന്ന ആവശ്യവും ശക്തമാണ്.

തൃക്കാക്കരയിൽ ആറ്‌ വാർഡുകൾ കൂടി പൂട്ടി

കാക്കനാട് : ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം കൂടിയതോടെ തൃക്കാക്കര നഗരസഭയിലെ ആറ്‌്‌ ഡിവിഷനുകൾ കൂടി കണ്ടെയ്ൻമെന്റ് സോണുകളാക്കി.

വാർഡ്-1 (മരോട്ടിച്ചോട്), 2 (ബി.എം. നഗർ), 3 (തോപ്പിൽ നോർത്ത്), 40 (സഹകരണ റോഡ്), 41 (തോപ്പിൽ സൗത്ത്), 42 (മാമ്പിള്ളിപ്പറമ്പ്) എന്നീ വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണുകളാക്കിയത്.

കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയുടെ അടിസ്ഥാനത്തിലാണ് ആറ്്‌ വാർഡുകളെ പുതുതായി കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയത്. രോഗം സ്ഥിരീകരിച്ചവരുടെ മൊബൈൽ ലൊക്കേഷൻ കൂടി പരിശോധിച്ച ശേഷമാണ് ഇവയെ ഉൾപ്പെടുത്തിയതെന്ന് അധികൃതർ പറഞ്ഞു.

ഏലിയാമ്മയുടെ കുടുംബാംഗങ്ങൾക്ക് രോഗമുക്തി

കൊച്ചി : കോവിഡ് ബാധിച്ച് മരിച്ച കരിങ്ങാച്ചിറ ചക്കിയാട്ടിൽ ഏലിയാമ്മ (85) യുടെ കുടുംബാംഗങ്ങളിൽ രോഗം ബാധിച്ചിരുന്ന മൂന്നുപേർ വ്യാഴാഴ്ച രോഗമുക്തി നേടി ആശുപത്രി വിട്ടു. കുടുംബാംഗമായ നഴ്സിനും അവരുടെ ഭർത്താവിനും മകനുമാണ് രോഗം ബാധിച്ചത്. ഏലിയാമ്മയുടെ മക്കൾ: സി.എം. കുര്യൻ, സി.എം. മാത്യു, പൗലോസ്, സൂസി, പരേതയായ മിനി. മരുമക്കൾ: ഷീലു, മേഴ്സി, സാലി, ബേബി. ശവസംസ്കാരം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം വെള്ളിയാഴ്ച കരിങ്ങാച്ചിറ സെയ്‌ന്റ് ജോർജ് കത്തീഡ്രലിൽ നടക്കും.

കോവിഡ് ചികിത്സ കളമശ്ശേരി മെഡിക്കൽ കോളേജിൽ സൗകര്യങ്ങൾ വിപുലപ്പെടുത്തി

കൊച്ചി : കോവിഡ് രോഗികളുടെ എണ്ണം ജില്ലയിൽ ദിവസേന വർധിക്കുന്ന സാഹചര്യത്തിൽ ഗുരുതരാവസ്ഥയിലാകുന്ന രോഗികൾക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാൻ കളമശ്ശേരി മെഡിക്കൽ കോളേജിൽ സൗകര്യങ്ങൾ വിപുലപ്പെടുത്തി.

കൂടുതൽ ഐ.സി.യു. ബെഡ്ഡുകളും വെന്റിലേറ്ററുകളും ഉറപ്പാക്കി അപകടാവസ്ഥയിലേക്ക് നീങ്ങുന്ന രോഗികളെ തിരിച്ച്‌, ജീവിതത്തിലേക്ക് കൊണ്ടുവരാനാണ് മെഡിക്കൽ കോളേജ് അധികൃതരുടെ ശ്രമം. യന്ത്രസഹായത്തോടെ പ്രവർത്തിപ്പിക്കുന്നവ അടക്കം 40 കിടക്കകളാണ് മെഡിക്കൽ കോളേജിലെ പുതിയ കോവിഡ് ഐ.സി.യു.വിലുള്ളത്. എല്ലാ ബെഡ്ഡുകൾക്കും വെന്റിലേറ്റർ പിന്തുണയുണ്ട്. തീവ്രരോഗാവസ്ഥയിലുള്ള 40 രോഗികളെവരെ ഒരേസമയം വെന്റിലേറ്ററിൽ ചികിത്സിക്കാൻ കഴിയും. ഇതോടെ 75 വെന്റിലേറ്ററുകളാണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ ഉള്ളത്.

ഇമേജ് ട്രാൻസ്‌ഫർ ചെയ്യുന്നതിന് പാക്‌സ് സംവിധാനം, രണ്ട് ഡയാലിസിസ് യൂണിറ്റുകൾ, രണ്ട് ബ്ലഡ് ഗ്യാസ് അനലൈസർ, മൂന്ന് വീഡിയോ ലാറിങ്കോസ്കോപ്പ്, അൾട്രാ സൗണ്ട്, ഡിജിറ്റൽ എക്സ്‌റേ എന്നിവയും ഐ.സി.യു.വിൽ സജ്ജീകരിച്ചിട്ടുണ്ട്.

ആരോഗ്യവകുപ്പിന്റെ ഇ-ഹെൽത്ത് സോഫറ്റ്‌വേറിലാണ് പ്രവർത്തനങ്ങളുടെ ഏകോപനം. കോവിഡ് പശ്ചാത്തലത്തിൽ സെൻട്രലൈസ്ഡ് എ.സി. വിച്ഛേദിച്ച് ടവർ എ.സി.യിലും ഐ.സി.യു. പ്രവർത്തിപ്പിക്കാൻ സംവിധാനമുണ്ട്.

കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി സി.സി. ടി.വി. ക്യാമറ ശൃംഖലയും ഒരുക്കി. ഗുരുതരാവസ്ഥയിലേക്ക് എത്തുന്ന രോഗികൾക്ക് പ്ലാസ്മ തെറാപ്പി ഉൾപ്പെടെയുള്ള ചികിത്സ നൽകാനുള്ള സൗകര്യവും ഇവിടെയുണ്ട്.

നിലവിൽ 18 രോഗികളാണ് കോവിഡ് ഐ.സി.യു.വിൽ ഉള്ളത്. ഇവരിൽ ആറുപേർക്ക് കൃത്രിമ ശ്വാസോച്ഛ്വാസം നൽകുന്നുണ്ട്. രണ്ട് രോഗികൾക്ക് പ്ലാസ്മ തെറാപ്പിയിലൂടെ രോഗം ഭേദമാക്കാനുള്ള ശ്രമം നടന്നുവരുന്നു. ഒരാൾക്ക് കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡിസിവേർ മരുന്നും നൽകുന്നുണ്ട്.