കാക്കനാട് : കനത്ത മഴയിൽ വെള്ളക്കെട്ടുണ്ടായ പനയപ്പിള്ളി, എളംകുളം, എറണാകുളം വില്ലേജുകളിലെ താഴ്ന്ന പ്രദേശങ്ങളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. എളംകുളം മദർ തെരേസ കമ്യൂണിറ്റി ഹാളിലും കടവന്ത്ര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലുമാണ് ക്യാമ്പുകൾ. കമ്യൂണിറ്റി ഹാളിൽ 10 കുടുംബങ്ങളിലെ ‌45 പേരാണുള്ളത്. കടവന്ത്ര സ്കൂളിൽ മൂന്ന് കുടുംബങ്ങളിലെ 10 പേരും. പി ആൻഡ് ടി, ഉദയാ കോളനികൾ, പെരുമാനൂർ കോളനി എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്.

മുളന്തുരുത്തി ഗ്രാമപ്പഞ്ചായത്തിൽ രാവിലെ ഒൻപതു മണിയോടെയുണ്ടായ മണ്ണിടിച്ചിലിൽ അപകടാവസ്ഥയിലായ മൂന്ന് വീടുകളിലെ താമസക്കാരെ ഒഴിപ്പിച്ചു. വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. സമീപത്തുള്ള കെട്ടിടത്തിനും അപകട ഭീഷണി ഉള്ളതിനാൽ വൈദ്യുതി വിച്ഛേദിച്ച് താമസക്കാരെ ഒഴിപ്പിച്ചു. പറവൂർ കടുങ്ങല്ലൂർ വില്ലേജിൽ മണ്ണിടിഞ്ഞുവീണ് രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

നിരീക്ഷണത്തിലുള്ളവരെ മാറ്റി

: പശ്ചിമ കൊച്ചിയിൽ രാവിലെ ഉണ്ടായ മഴയിൽ പനയപ്പിള്ളി, പെരുമ്പടപ്പ്, പള്ളുരുത്തി, കോർപ്പറേഷൻ കോളനി എന്നിവിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി. ഇവിടെ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞവരെ ക്യാമ്പിലേക്ക് മാറ്റി. പനയപ്പിള്ളി ഗവ. ഹൈസ്കൂൾ, പള്ളുരുത്തി സിമെറ്റ് നഴ്‌സിങ് ഹോസ്റ്റൽ, പെരുമ്പടപ്പ് സെയ്‌ന്റ് ജൂലിയാനസ്, ചുള്ളിക്കൽ സെയ്‌ന്റ് ജോസഫ് സ്കൂൾ എന്നിവിടങ്ങളിലാണ് സൗകര്യം ഒരുക്കിയത്.

ചുമതല തഹസിൽദാർമാർക്ക്

രോഗലക്ഷണം ഇല്ലാത്ത ആളുകൾ, 60 വയസ്സിനു മുകളിൽ പ്രായമുള്ളവർ, നിരീക്ഷണത്തിൽ കഴിയുന്നവർ തുടങ്ങിയവർക്ക് പ്രത്യേക ക്യാമ്പുകൾ സജ്ജമാക്കും

പഞ്ചായത്ത്തല ക്യാമ്പുകളുടെ ചുമതല അതത് തഹസിൽദാർമാർക്ക്. കഴിഞ്ഞ തവണ ഏറ്റെടുത്ത സ്കൂളുകളും ഹാളുകളുമാണ് ക്യാമ്പുകൾക്കായി സജ്ജമാക്കുന്നത്