കാക്കനാട് : ഒറ്റ മഴയ്ക്ക് വെള്ളക്കെട്ടിൽ മുങ്ങുന്ന നഗരത്തിലെ വെള്ളക്കെട്ട് ശാശ്വതമായി പരിഹരിക്കുന്നതിന് ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ‘ഓപ്പറേഷൻ ബ്രേക്‌ത്രൂ’വും രക്ഷയ്ക്കെത്തിയില്ല. ബുധനാഴ്ച കൊച്ചി നഗരം അതിന് സാക്ഷിയായി.

കഴിഞ്ഞ ഒക്ടോബർ 21-ന് ഉപതിരഞ്ഞെടുപ്പ് ദിവസവും തലേന്നും നിർത്താതെ പെയ്ത മഴയിൽ നഗരം മുങ്ങിപ്പോയതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം ജില്ലാ ഭരണകൂടം ദ്രുതഗതിയിൽ ഇടപെട്ട് പദ്ധതിക്ക് തുടക്കം കുറിച്ചത്. കളക്ടറുടെ മേൽനോട്ടത്തിൽ പോലീസ്, റവന്യൂ വകുപ്പ്, ഫയർഫോഴ്സ്, പൊതുമരാമത്ത്, കെ.എസ്.ഇ. ബി. തുടങ്ങിയ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവർത്തനം. ജനുവരി ഒന്നിന് ആരംഭിച്ച് 90 ദിവസത്തിനുള്ളിൽ (മാർച്ച് 31-നകം) ഒന്നാം ഘട്ടം പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം.

രണ്ടാം ഘട്ടം ജൂൺ 15-ന് പൂർത്തിയാക്കണമെന്ന് ആദ്യം ഹൈക്കോടതി നിർദേശിച്ചു. പൂർത്തിയായില്ല. ജൂലായ് ആദ്യവാരത്തേക്കും പിന്നീട് ജൂലായ് പകുതിയിലേക്കും ഒടുവിൽ ജൂലായ് 27-ലേക്കും നീട്ടിനൽകി. : ഓപ്പറേഷൻ ബ്രേക്‌ത്രൂ പദ്ധതിയിൽ പ്രവൃത്തികൾ പൂർത്തിയാക്കിയ പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് ഒഴിവാക്കാൻ സാധിച്ചതായി ബ്രേക് ത്രൂ സാങ്കേതിക സമിതി ചെയർമാൻ ആർ. ബാജി ചന്ദ്രൻ. ബ്രേക് ത്രൂ ഒന്നാം ഘട്ടത്തിൽ കോർപ്പറേഷൻ പരിധിയിലെ അടഞ്ഞതും മൂടിയതുമായ ഓടകൾ നവീകരിക്കുന്ന പ്രവൃത്തികളായിരുന്നു. ആ പദ്ധതികൾ എല്ലാം സമയബന്ധിതമായി പൂർത്തീകരിച്ചു.

രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി പ്രധാന തോടുകളും കായൽമുഖങ്ങളും എക്കലും മറ്റ് തടസ്സങ്ങളും നീക്കി മഴവെള്ളം പൂർണമായും കായലിലേക്ക് എത്തിക്കുന്നതിനുള്ള പദ്ധതിയാണ് വിഭാവനം ചെയ്തത്. പ്രധാന തോടുകളായ കാരണക്കോടം, ചങ്ങാടംപോക്ക്, ചിലവന്നൂർ, കോയിത്തറ കനാൽ, മുല്ലശ്ശേരി കനാൽ, തേവര കായൽമുഖം, പേരണ്ടൂർ കായൽമുഖം, ഇടപ്പള്ളിത്തോട് എന്നീ പ്രധാന പദ്ധതികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇതിൽ മുല്ലശ്ശേരി ഒഴികെ ബാക്കിയെല്ലാം പൂർത്തീകരിച്ചു.

നഗര പരിധിയിലെ പ്രധാന കനാലായ തേവര-പേരണ്ടൂർ കനാൽ നവീകരണം ‘അമൃത്’ പദ്ധതിയിൽ ഉൾപ്പെടുത്തിയതിനാൽ ബ്രേക് ത്രൂ പദ്ധതിയിലില്ല. ബ്രേക് ത്രൂ പദ്ധതിയിൽ പ്രവൃത്തികൾ പൂർത്തിയാക്കിയ പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായിട്ടില്ല. കടലിൽ രണ്ടടിയോളം വെള്ളം പൊങ്ങിയിട്ടും ബ്രേക്‌ ത്രൂവിൽ ഉൾപ്പെടുത്തി നവീകരിച്ച കനാലുകളിൽ ഒഴുക്ക് സുഗമമായിരുന്നു - അദ്ദേഹം പറഞ്ഞു.

നഗരസഭയുടെ ഇടപെടൽ ഫലം കണ്ടു

: നഗരസഭയുടെ ഇടപെടൽ പോരാ എന്നുപറഞ്ഞാണ്‌ സർക്കാർ ബ്രേക്‌ ത്രൂ കൊണ്ടുവന്നത്. ഇതിൽ പ്രത്യേകിച്ച് അഭിപ്രായം ഒന്നും പറയുന്നില്ല. നഗരസഭയുടെ പ്രവൃത്തികൾ കൃത്യമായി വേണ്ടവിധം ചെയ്തു. അതിന്റെ ഫലം ലഭിച്ചിട്ടുണ്ട്. എല്ലാ ഡിവിഷനുകളിലെയും ഓടകൾ കോരുകയും കനാലുകൾ വൃത്തിയാക്കുകയും ചെയ്തു. ആവശ്യമുള്ളിടത്ത് പുതിയ ഓടകൾ നിർമിച്ചു. ‘അമൃത്’ പദ്ധതിയുടെ ഭാഗമായി കൽവർട്ട് ഉയർത്തിയ ഇടങ്ങളിൽ വെള്ളക്കെട്ട് ഒഴിവായിട്ടുണ്ട്. നഗരസഭയുടെ ഇടപെടലിന്റെ ഭാഗമായി മേനക, കോടതി വളപ്പ് എന്നിവിടങ്ങളിലെ വെള്ളക്കെട്ട് കുറഞ്ഞു. ബാക്കിയുള്ളവർ നടത്തിയ പണികളിൽ അപാകമുണ്ടെങ്കിൽ അതത് വകുപ്പുകൾ പരിശോധിച്ച് തിരുത്തൽ വരുത്തണം.

സൗമിനി ജെയിൻ, മേയർ