കാക്കനാട് : അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എറണാകുളം ആർ.ടി. ഓഫീസ് അടച്ചു. ആർ.ടി.ഒ. ഉൾപ്പെടെയുള്ള 63 ജീവനക്കാർ ക്വാറന്റീനിൽ പോയി. രോഗം സ്ഥിരീകരിച്ച എ.എം.വി.ഐ.യുടെ ആരോഗ്യ പ്രവർത്തകയായ ഭാര്യക്കും രോഗം ബാധിച്ചു. ഇൻസ്പെക്ടർക്ക് രോഗം പകർന്നത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. നാല് വെഹിക്കിൾ ഇൻസ്പെക്ടർമാരും 12 അസി. വെഹിക്കിൾ ഇൻസ്പെക്ടർമാരും ക്വാറന്റീനിലാണ്. ആർ.ടി. ഓഫീസ് തൃക്കാക്കര അഗ്നിശമന സേനയെത്തി അണുവിമുക്തമാക്കിയെങ്കിലും ഓഫീസ് വ്യാഴാഴ്ച വരെ അടച്ചു. മൂന്നു ദിവസം കൂടി അവധിയുള്ളതിനാൽ അടുത്ത തിങ്കളാഴ്ച മാത്രമേ ആർ.ടി. ഓഫീസ് പ്രവർത്തനമാരംഭിക്കൂ. നിലവിൽ അവധിയിലുള്ള ഉദ്യോഗസ്ഥർ ജോലിക്ക് കയറാൻ നിർദേശം നൽകി. കളക്ടറേറ്റ് ഉൾപ്പെടെ 90-ഓളം ഓഫീസുകളാണ് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്നത്. ഇതിൽ 2000-ലധികം പേരാണ് ജോലി ചെയ്യുന്നത്.

ആർ.ടി.ഒ. ഉൾപ്പെടെ 63 ജീവനക്കാർ ക്വാറന്റീനിൽഫോർട്ട്കൊച്ചി,കളമശ്ശേരി, ഇടപ്പള്ളി,ചേരാനെല്ലൂർ

കൂടുതൽ നിയന്ത്രണങ്ങൾ

കാക്കനാട് : ജില്ലയിലെ കൂടുതൽ സ്ഥലങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന വീഡിയോ കോൺഫറൻസിൽ തീരുമാനമായി.

ഫോർട്ട്കൊച്ചി, കളമശ്ശേരി, ഇടപ്പള്ളി, ചേരാനെല്ലൂർ പ്രദേശങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇവിടെ നിയന്ത്രണങ്ങൾ കർശനമാക്കും.

ജില്ലയിൽ ഇതുവരെ ഒരു ലക്ഷത്തിൽ അധികം പേരുടെ സാമ്പിളുകൾ പരിശോധിച്ചു. ആന്റിബോഡി പരിശോധനയ്ക്കു പുറമെയാണിത്. ഫോർട്ട്കൊച്ചി മേഖലയിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യമില്ലാത്തവർക്കായി കോവിഡ് കെയർ സെന്ററുകൾ അടിയന്തരമായി ആരംഭിക്കാൻ കോർപ്പറേഷൻ അധികാരികൾക്ക് നിർദേശം നൽകും. ജില്ലയിൽ ഇതുവരെ എഫ്.എൽ.ടി.സി.കളിൽ 7887 കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്.

മന്ത്രി വി.എസ്. സുനിൽകുമാർ, ഡി.എം.ഒ. ഡോ. എൻ.കെ. കുട്ടപ്പൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.