കാക്കനാട് : കോവിഡിനെ തുരത്താൻ ബാഗുകൾ അണുവിമുക്തമാക്കാനുള്ള സംവിധാനവുമായി രാജഗിരി വിദ്യാർഥികൾ.

സ്‌ക്രാപ്പുകൾ ശേഖരിച്ച്‌ ചെലവു കുറഞ്ഞ രീതിയിലുള്ള ലഗേജ് സാനിറ്റൈസിങ് യന്ത്രമാണ് രാജഗിരി എൻജിനീയറിങ് ആൻഡ് ടെക്നോളജി അപ്ലൈഡ് ഇലക്‌ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ മൂന്നാം വർഷ വിദ്യാർഥികളായ അഖിൽ ജയപ്രകാശ്,

ആന്റണി തോമസ്, അലക്സ് ജോർജ്, റോക്കി ഫാബി, അശ്വിൻ ശങ്കർ എന്നിവർ നിർമിച്ചിരിക്കുന്നത്.

വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ഓഫീസുകൾ, ആശുപത്രികൾ എന്നിവടങ്ങളിലെല്ലാം ഈ യന്ത്രം ഉപയോഗിക്കാം.

യന്ത്രത്തിന്റെ മുകളിലൂടെ ബാഗ് ട്രേയിൽ ആദ്യംതന്നെ വയ്ക്കും. യന്ത്രത്തിന്റെ ലീനിയർ ആക്ച്യുവേഷൻ മുഖേന ബാഗ് അടിയിലേക്ക് വരുമ്പോൾ സ്‌പ്രേയിങ് മെഷീനിന്റെ എല്ലാ കോണുകളിൽ നിന്നും അണുനശീകരണം നടത്തുന്നതാണ് രീതി.

ഒരേ സമയത്ത് 10 കിലോ വരെ തൂക്കമുള്ള ബാഗുകളും പരിഷ്കരിച്ചാൽ കൺവെയർ ഉപയോഗിച്ച് കൂടുതൽ ലഗേജുകളും ഒരേസമയം അണുവിമുക്തമാക്കാനാകും. നിർമാണച്ചെലവ് 7,000 രൂപയാണ്.

അധ്യാപകരായ ഡോ. സി.വി. ഹരി, കെ.പി. കൃഷ്ണകുമാർ, എം. ഷണ്മുഖപ്രിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം.