കാക്കനാട് : സ്വന്തം ആവശ്യങ്ങൾക്ക് സർക്കാർ വാഹനം ദുരുപയോഗം ചെയ്തുവെന്ന പരാതിയിൽ കളക്ടറേറ്റിലെ ഡ്രൈവറെ സ്ഥലംമാറ്റി. ആർ.ആർ. ഡെപ്യൂട്ടി കളക്ടറുടെ ഡ്രൈവറായ ഇഗ്നേഷ്യസിനെയാണ് ജില്ലാ കളക്ടർ എസ്. സുഹാസ് കുന്നത്തുനാട് താലൂക്കിലേക്ക് സ്ഥലംമാറ്റിയത്. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടറുടെ ഡ്രൈവറായിരുന്ന സമയത്ത് വാഹനം സ്വന്തം ആവശ്യങ്ങൾക്കും മറ്റുമായി ദുരുപയോഗം ചെയ്തുവെന്ന പരാതിയിലാണ് നടപടി.

ആമ്പല്ലൂർ സ്വദേശി ആഴ്ചകൾക്ക് മുൻപ് ചീഫ് സെക്രട്ടറിക്ക് നേരിട്ടാണ് പരാതി നൽകിയത്. സർക്കാർ വാഹനം സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ചുവെന്നതിന് തെളിവായി പരാതിക്കൊപ്പം ഫോട്ടോയും നൽകി. ചീഫ് സെക്രട്ടറിയുടെ നിർദേശത്തെ തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ റൂറൽ എസ്.പി.യോട് ജില്ലാ കളക്ടർ ആവശ്യപ്പെട്ടിരുന്നു.