കാക്കനാട് : ജില്ലാ ആസ്ഥാനത്തിന് തിങ്കളാഴ്ച ആശ്വാസദിനമായിരുന്നു. തിങ്കളാഴ്ച തൃക്കാക്കരയിൽ ആർക്കും രോഗം സ്ഥിരീകരിച്ചില്ല. ഏറ്റവുമധികം രോഗികളുള്ള കണ്ടെയ്ൻമെന്റ് സോൺകൂടിയായ കൊല്ലംകുടിമുകൾ കരുണാലയത്തിലും പുതുതായി ആർക്കും രോഗംകണ്ടെത്തിയില്ല.

ഒരുമാസത്തിനിടെ 88 പേർക്കാണ് നഗരസഭാ പരിധിയിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഭൂരിഭാഗം പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്‌. കഴിഞ്ഞ ബുധനാഴ്ച കരുണാലയത്തിലെ മൂന്ന് കന്യാസ്ത്രീകൾക്ക് രോഗം ബാധിച്ചതോടെയാണ് തൃക്കാക്കര അതീവ ജാഗ്രതയിലായത്.

തുടർന്ന്, കരുണാലയത്തെ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തുകയായിരുന്നു. അടുത്തദിവസം 30 അന്തേവാസികൾക്ക് രോഗം സ്ഥിരീകരിച്ചതോടെ സ്ഥിതി സങ്കീർണമായി.

ഇതിനിടെ കരുണാലയത്തിൽ കോവിഡ് ബാധിച്ച വയോധിക മരിക്കുകയും ചെയ്തു. ഞായറാഴ്ച മൂന്നു പേർക്കാണ് നഗരസഭയിൽ രോഗം സ്ഥിരീകരിച്ചത്. ആന്റിജൻ പരിശോധനയും ആരംഭിച്ചു. വാഴക്കാല നവനിർമാൺ സ്കൂളിലും കാക്കനാട് അയ്യൻകാളി തൊഴിൽ പരിശീലന കേന്ദ്രത്തിലും കോവിഡ് ചികിത്സാകേന്ദ്രങ്ങളും തുടങ്ങിയിട്ടുണ്ട്.

കൊല്ലംകുടിമുകൾ, നവോദയ വാർഡുകളും എൻ.ജി.ഒ. ക്വാർട്ടേഴ്‌സിനടുത്ത് മൈത്രിപുരവും മാത്രമാണ് നഗരസഭയിലെ കണ്ടെയ്ൻമെന്റ് സോണുകൾ.