കാക്കനാട് : തൃക്കാക്കരയിൽ ഒരു ഡോക്ടർക്ക് ഉൾപ്പെടെ മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃക്കാക്കര സഹകരണ റോഡിൽ താമസിക്കുന്ന വനിതാ ഡോക്ടർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ കളമശ്ശേരി വട്ടേക്കുന്നം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറാണ്. ഇവിടെ പരിശോധനയ്ക്കെത്തിയ രോഗിയിൽ നിന്നാണ്‌ രോഗം പകർന്നതെന്ന്‌ സംശയിക്കുന്നു.

കുസുമഗിരി ആശുപത്രിക്ക്‌ സമീപത്തെ ഫ്ലാറ്റിൽ താമസിക്കുന്ന യുവാവിനും ഭാര്യാപിതാവിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. കോവിഡ് അതിവ്യാപന സാധ്യത മുന്നിൽക്കണ്ട് തൃക്കാക്കര നഗരസഭാ അതിർത്തിയിൽ, രോഗബാധിതരെ ചികിത്സിക്കുന്നതിനുള്ള പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളായ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ (സി.എഫ്.എൽ.ടി.സി.) സജ്ജമാക്കൽ അവസാന ഘട്ടത്തിലാണ്.

രണ്ട് കേന്ദ്രങ്ങളിലായി 100 കിടക്കകളാണ് സജ്ജമാക്കുന്നതെന്ന് നഗരസഭാ സെക്രട്ടറി പി.എസ്. ഷിബു പറഞ്ഞു. വാഴക്കാല നവനിർമാൺ സ്കൂൾ കെട്ടിടത്തിൽ 70-ഉം, കാക്കനാട് അംബേദ്കർ-അയ്യൻകാളി മുനിസിപ്പൽ ടവറിൽ 30-ഉം കിടക്കകളാണ് ഒരുക്കുന്നത്. കട്ടിൽ, ബെഡ്ഡ്, ബെഡ്ഷീറ്റ്, തലയണ, സൈനേജുകൾ, മൊബൈൽ ചാർജിങ് സൗകര്യം, ടോയ്‌ലറ്റ്, ഡ്രിപ്പ് സ്റ്റാൻഡ് തുടങ്ങിയവയാണ് സി.എഫ്.എൽ.ടി.സി.കളിൽ ഉണ്ടാകുക.

ഗ്യാസ് വിതരണക്കാരന് കോവിഡ്:60 പേർ നിരീക്ഷണത്തിൽ

കാക്കനാട് : തൃക്കാക്കരയിൽ കഴിഞ്ഞദിവസം പാചക വാതക വിതരണക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ഡോക്ടർ ഉൾപ്പെടെ 60 പേരെ ക്വാറന്റീനിലാക്കി. ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ, 28-ാം ഡിവിഷനിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ നിന്നാണെന്നാണ് സൂചന. പനിവന്ന് കെന്നഡിമുക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. ഇതേ തുടർന്നാണ് ഇദ്ദേഹത്തെ ചികിത്സിച്ച ഡോക്ടറെയും ആശുപത്രിയിലെ ലാബ് അസിസ്റ്റന്റിനെയും നിരീക്ഷണത്തിൽ വിട്ടത്.

ഭാരത് ഗ്യാസിന്റെ സിലിൻഡർ വിതരണം ചെയ്ത നിരവധി വീട്ടുകാരെയും ക്വാറന്റീനിലാക്കി. ഈ വീടുകൾ ഉൾപ്പെടുന്ന പ്രദേശം തൃക്കാക്കര നഗരസഭയിലെ 28-ാം ഡിവിഷനായ കുന്നേപ്പറമ്പ് കിഴക്കിന്റെ ഒരു ഭാഗമായതിനാൽ കഴിഞ്ഞദിവസം കണ്ടെയ്ൻമെന്റ് സോണാക്കിയിരുന്നു. കെന്നഡിമുക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം തിങ്കളാഴ്ച അണുവിമുക്തമാക്കിയ ശേഷം തുറന്നു കൊടുക്കും.