കാക്കനാട് : തുറന്നുകൊടുത്ത ശേഷം പിന്നെയും അടച്ചുപൂട്ടി മൈത്രിപുരം. തൃക്കാക്കര നഗരസഭയിലെ 28-ാം ഡിവിഷനായ കുന്നേപ്പറമ്പ് കിഴക്കിന്റെ ഒരു ഭാഗമാണ് വീണ്ടും അതീവ ജാഗ്രതാ പ്രദേശത്ത് ഉൾപ്പെട്ടത്.

ഇവിടത്തെ ഗ്യാസ് ഏജൻസി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രദേശത്തെ വീണ്ടും കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയത്. ഇദ്ദേഹം ജോലിചെയ്തിരുന്ന സ്ഥാപനം മൈത്രിപുരത്തായിരുന്നു.

കോവിഡ് ബാധയുടെ ഉറവിടം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. സമ്പർക്കപ്പട്ടികയും തയ്യാറാക്കിയിട്ടില്ല.

ഈ പശ്ചാത്തലത്തിൽ കൂടുതൽ പേരിലേക്ക് രോഗം വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് മൈത്രിപുരത്തെ മൈക്രോ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയത്.

ഈ പ്രദേശത്ത് കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് ഒരാൾ മരണപ്പെട്ടിരുന്നു.