കാക്കനാട് : ജില്ലാ ഭരണകൂടത്തെ ഞെട്ടിച്ച് തൃക്കാക്കരയിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു... ഇതുവരെ നഗരസഭാ പരിധിയിൽ 85 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃക്കാക്കര മുണ്ടംപാലം ‘കരുണാലയ’ത്തിൽ ശനിയാഴ്ച മാത്രം കോവിഡ് ബാധിച്ചത് 17 പേർക്കാണ്. ഇതോടെ കരുണാലയത്തിലെ ആകെ രോഗികളുടെ എണ്ണം 60 ആയി.

കേരളത്തിന് പുറത്തുനിന്ന് എത്തിയവരും തദ്ദേശവാസികളും ഉൾപ്പെടെ 25 പേർക്കാണ് ഇതിനകം ഇൗ പ്രദേശത്ത്‌ കോവിഡ് സ്ഥിരീകരിച്ചത്. അതിനിടെ, സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരിൽ കൂടുതൽ പേരുടെയും രോഗ ഉറവിടം വ്യക്തമല്ലാത്തത് ആരോഗ്യ പ്രവർത്തകരെയും നഗരസഭാ അധികൃതയും ആശങ്കയിലാക്കുന്നുണ്ട്.

കഴിഞ്ഞദിവസം എൻ.ജി.ഒ. ക്വാർട്ടേഴ്‌സ് ഭാഗത്തെ ഗ്യാസ് ഏജൻസി ജീവനക്കാരന് പ്രാഥമികഘട്ട പരിശോധനയിൽ രോഗലക്ഷണങ്ങൾ കണ്ടെത്തി.

ഇയാളുടെ ഉറവിടവും വ്യക്തമല്ലെന്ന് അധികൃതർ പറഞ്ഞു. രോഗം സ്ഥിരീകരിച്ച 65 കാരിയുടെയും ഉറവിടം വ്യക്തമായിട്ടില്ല. ചികിത്സ സംബന്ധമായി ആശുപത്രി സന്ദർശിച്ചപ്പോഴാകും രോഗ ബാധയേറ്റതെന്നാണ് കരുതുന്നത്.

തുടർന്ന് ഇവർ താമസിക്കുന്ന കൊല്ലംകുടിമുകൾ ഫ്ളാറ്റിലെ 15 വീട്ടുകാരെയും നിരീക്ഷണത്തിലാക്കി. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചിരുന്ന പടമുകൾ താണപാടത്ത് താമസിക്കുന്ന ഹോം ഗാർഡിന്റെ വീട്ടിൽ മാലിന്യനീക്കത്തിന് പോയ അഞ്ച് ജീവനക്കാരെ നിരീക്ഷണത്തിൽ വിട്ടു.

തൃപ്പൂണിത്തുറ പള്ളിപ്പറമ്പുകാവ് മൈക്രോ കണ്ടെയ്ൻമെന്റ് സോൺ

തൃപ്പൂണിത്തുറ : നഗരസഭയിലെ 19-ാം വാർഡിൽ പുതുശ്ശേരി റോഡ്, പള്ളിപ്പറമ്പുകാവ് ഏരിയ മൈക്രോ കണ്ടെയ്ൻമെൻ്റ് സോൺ ആയി.

പുതുശ്ശേരിറോഡ്‌ ഭാഗത്ത് രണ്ട് വാടകവീടുകളിൽ താമസിക്കുന്ന കൊച്ചി റിഫൈനറിയിൽ കരാർ ജോലിക്കാരായ ഇതര സംസ്ഥാനക്കാരായ രണ്ടുപേരുടെ ഭാര്യമാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. ഈ സ്ത്രീകൾ അടുത്തിടെ ആന്ധ്രപ്രദേശിൽ പോയിരുന്നു.

തിരികെ വന്നശേഷം ഇവർ ഒരുമിച്ച് ഒരുവീട്ടിൽ 14 ദിവസം ക്വാറന്റീനിൽ ആയിരുന്നെങ്കിലും അടുത്തദിവസം ഭർത്താക്കൻമാരോടൊപ്പം അവരവരുടെ വീടുകളിലേക്ക്‌ മാറി.

15-ാം ദിവസം പരിശോധനാഫലം വന്നപ്പോഴാണ് സ്ത്രീകൾക്ക് കോവിഡ് പോസിറ്റീവാണെന്ന കാര്യം അറിയുന്നതെന്ന് ആരോഗ്യവകുപ്പധികൃതർ പറഞ്ഞു. ഇവരുടെ ഭർത്താക്കൻമാർ ക്വാറന്റീനിലായിട്ടുണ്ട്. സമ്പർക്കപ്പട്ടികയിൽ മറ്റാരും ഇല്ല എന്നും അധികൃതർ പറഞ്ഞു. മൈക്രോ കണ്ടെയ്ൻമെൻറ്‌ സോൺ ആയതോടെ ഈ ഭാഗങ്ങളിലേക്ക്‌ പുറമേനിന്ന്‌ ആർക്കും പ്രവേശനം ഉണ്ടാകില്ല.

ഇവിടെയുള്ളവർക്ക് പുറത്തേക്കും ഈ കാലയളവിൽ പോകാനാവില്ല. സ്ഥലത്ത് പോലീസ് കാവലുണ്ടാകും.