കാക്കനാട് : തൃക്കാക്കരയിൽ 13 പേർക്ക് കൂടി കോവിഡ്. ഇതിൽ 10 പേർ തൃക്കാക്കര മുണ്ടംപാലം ‘കരുണാലയ’ത്തിലെ അന്തേവാസികളാണ്. ഇതോടെ ഇവിടത്തെ രോഗികളുടെ എണ്ണം 43 ആയി. കൂടാതെ, കാക്കനാട് ചിൽഡ്രൻസ് ഹോമിന് എതിർവശം ഗ്രീൻ ഗാർഡനിൽ താമസിക്കുന്ന ബാങ്ക് ഉദ്യോഗസ്ഥയായ 27 കാരിക്കും പടമുകൾ താണപാടത്ത് താമസിക്കുന്ന ഹോം ഗാർഡായ 54 കാരനും കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന, പാലച്ചുവട് താമസിക്കുന്ന 23 കാരിക്കുമാണ് കോവിഡ് പോസിറ്റീവായത്. സമ്പർത്തിലൂടെയാണ് ഇവർക്കെല്ലാം രോഗം സ്ഥിരീകരിച്ചത്.

സമ്പർക്കത്തിലൂടെ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ സൂചനകൾ ലഭിച്ചതോടെ തൃക്കാക്കരയിൽ കർശന നിയന്ത്രണം ഏർപ്പെടുത്താനാണ് നഗരസഭാ അധികൃതർ ആലോചിക്കുന്നത്.

ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് നഗരസഭാ പരിധിയിലെ സൂപ്പർമാർക്കറ്റ്, പെട്ടിക്കടകൾ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ്‌ വരെയായി ക്രമീകരിച്ചു.

ഹോട്ടലുകളിൽ വൈകുന്നേരം അഞ്ച്‌ വരെ ഇരുത്തി ഭക്ഷണം നൽകാം. പാഴ്‌സലായി വാങ്ങാനുള്ള സമയപരിധി ഒൻപത് മണി വരെയാക്കി നിയന്ത്രിച്ചു. ഞായറാഴ്ചകളിൽ മെഡിക്കൽ സ്റ്റോറുകളും ഹോട്ടലുകളിൽ പാഴ്‌സൽ വിതരണവും മാത്രമാക്കി.

കൂടുതൽപേർക്ക്‌ രോഗം സ്ഥിരീകരിക്കുകയോ സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം കൂടുകയോ ചെയ്താൽ വാഹനഗതാഗതവും നിയന്ത്രിക്കും.

നഗരസഭാ ഓഫീസിൽ ആവശ്യക്കാരെ മാത്രമാണ് കടത്തിവിടുക. ഫോണിൽ വിളിച്ച്, നേരിട്ട്‌ വരേണ്ടത് നിർബന്ധമാണെങ്കിൽ മാത്രം ഓഫീസിൽ എത്തിയാൽ മതിയെന്ന് നഗരസഭാ സെക്രട്ടറി പി.എസ്. ഷിബു വ്യക്തമാക്കി.