കാക്കനാട് : തൃക്കാക്കരയിൽ കഴിഞ്ഞദിവസം മരിച്ചയാൾക്കും രോഗം സ്ഥിരീകരിച്ചു. മരണപ്പെട്ട കുന്നേൽപ്പറമ്പ് സ്വദേശിയുടെ ഉറവിടവും റൂട്ട്മാപ്പും പൂർണമായും ലഭ്യമായിട്ടില്ലെന്ന് നഗരസഭാ സെക്രട്ടറി പി.എസ്. ഷിബു പറഞ്ഞു. ഇത് സ്ഥിതി കൂടുതൽ സങ്കീർണമാക്കുകയാണ്.

കഴിഞ്ഞ ആഴ്ച രോഗം സ്ഥിരീകരിച്ച പൊതുപ്രവർത്തകന്റെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇയാൾ നിരീക്ഷണത്തിലായിരുന്നു.

ഇതിന് പുറമെ, സംസ്ഥാനത്തിന് പുറത്തുനിന്ന് വന്ന ഒരാൾക്കു കൂടി രോഗമുണ്ട്. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പ്രദേശത്ത്‌ കനത്ത നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് അധികൃതരുടെ തീരുമാനം. രോഗവ്യാപനത്തിന് സാധ്യതയുള്ള പ്രദേശങ്ങളെ മൈക്രോ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തുന്നതിനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്.