കാക്കനാട് : തൃക്കാക്കര മുണ്ടംപാലം ‘കരുണാലയ’ത്തിലെ 30 സ്ത്രീകൾക്ക് കൂടി സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു. പ്രായംചെന്ന അനാഥസ്ത്രീകളെ താമസിപ്പിക്കുന്ന കേന്ദ്രത്തിലാണ് കൂട്ടത്തോടെ രോഗം വന്നത്. ബുധനാഴ്ച ഇവിടത്തെ മൂന്ന് കന്യാസ്ത്രീകൾക്ക്‌ കോവിഡ് സ്ഥിരീകരിച്ചിരുന്നു. 23 മുതൽ 84 വയസ്സുള്ളവരുടെ സാമ്പിൾ പരിശോധനയിലാണ് 30 പേരുടെ ഫലം കൂടി പോസ്റ്റീവായത്. ഇതിൽ പകുതിയോളം പേരും 50 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകളാണ്.

കുറച്ചുദിവസം മുൻപ് ആലുവ ഭാഗത്ത് കോവിഡ് ബാധിച്ചു മരിച്ച സിസ്റ്റർ ക്ലെയറിന്റെ സമ്പർക്ക പട്ടികയിൽ ഉള്ളവർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ, കരുണാലയത്തിൽ 33 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം, കരുണാലയത്തിലുള്ളവർക്ക് പുറത്തേക്ക് സമ്പർക്കമില്ലാത്തത് ആശ്വാസം നൽകുന്നുണ്ട്.

കരുണാലയം ഇനി കോവിഡ് ചികിത്സാ കേന്ദ്രം

കാക്കനാട്: ഒറ്റ ദിവസം കൊണ്ട് 30 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ, തൃക്കാക്കര നഗരസഭയിലെ അഞ്ചാം ഡിവിഷനായ കൊല്ലംകുടിമുകളിലെ ‘കരുണാലയം’ രോഗബാധിതരെ ചികിത്സിക്കുന്നതിനുള്ള പ്രാഥമിക ചികിത്സാ കേന്ദ്രമായ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാക്കി (സി.എഫ്.എൽ.ടി.സി.) മാറ്റി.

116 അന്തേവാസികളാണ് ഇവിടെ താമസിക്കുന്നത്.

ഇവരെ ശുശ്രൂഷിക്കുന്നതിന് നിയമിച്ചിരുന്ന മൂന്ന് കന്യാസ്ത്രീകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ, കരുണാലയത്തെ മൈക്രോ കണ്ടെയ്‌മെന്റ് സോണിൽ ഉൾപ്പെടുത്തി, ആശുപത്രി സജ്ജമാക്കി ചികിത്സ ആരംഭിച്ചപ്പോഴാണ് 30 പേർക്ക് കൂടി കൊവിഡ് പോസ്റ്റീവായത്.

കരുണാലയം കെട്ടിടത്തിലെ ഒരു നിലയാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാക്കി മാറ്റിയത്. ഇവിടേക്ക് ആവശ്യമായ ആരോഗ്യ പ്രവർത്തകരെയും മെഡിക്കൽ ഉപകരണങ്ങളും വ്യാഴാഴ്ച തന്നെ എത്തിച്ചിരുന്നു.

ആരോഗ്യ പ്രവർത്തകർക്ക് താമസിക്കുന്നതിനായി പ്രത്യേക സജ്ജീകരണങ്ങളും നഗരസഭാ ചെയർപേഴ്‌സൺ ഉഷാ പ്രവീൺ, വാർഡ് കൗൺസിലർ സി.എ. നിഷാദ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കി.

അത്യാവശ്യ ഘട്ടങ്ങളിൽ ഉയോഗിക്കുന്നതിനായി ആംബുലൻസ് സൗകര്യവും സജ്ജമാക്കി.

ഇവിടത്തെ മറ്റ് അന്തേവാസികളെ വളപ്പിലെ മറ്റ് കെട്ടിടങ്ങളിൽ ക്വാറന്റീനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആശുപത്രിയിലേക്കും അന്തേവാസികൾക്കും ആവശ്യമായ ഭക്ഷണം നൈപുണ്യ സ്കൂളിൽ നിന്നാകും എത്തിക്കുക.

അകത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി സമീപത്തെ വി. ആർട്‌സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബിനെ കൺട്രോൾ റൂമാക്കി മാറ്റിയിട്ടുണ്ട്.

അതേസമയം, കരുണാലയത്തിലെ 11 പേർ കൂടി രോഗബാധിതരായിട്ടുണ്ടെന്നാണ് വിവരം.