കാക്കനാട് : ആലുവ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ബുധനാഴ്ച അർധരാത്രി മുതൽ ‘കർഫ്യൂ’ ഏർപ്പെടുത്തി. ആലുവയിൽ രോഗവ്യാപനം ഗുരുതരമായ സാഹചര്യത്തിലാണിത്. മേഖലയെ ‘ക്ലസ്റ്റർ’ ആക്കി മാറ്റുമെന്നും മന്ത്രി മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു.

തൃക്കാക്കരയിലെ ‘കരുണാലയ’ത്തിൽ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കരുണാലയത്തെ ‘ക്ലോസ്ഡ് ക്ലസ്റ്റർ’ ആക്കും.

വയോജനങ്ങൾ കൂടുതലുള്ള സ്ഥലങ്ങളിലും മഠങ്ങളിലും ആശ്രമങ്ങളിലും നിരീക്ഷണം കർശനമാക്കും.

മൂവാറ്റുപുഴ പേഴയ്ക്കാപ്പള്ളി മത്സ്യമാർക്കറ്റും അടച്ചിടും.

ചെല്ലാനം മേഖലയിൽ രോഗവ്യാപനം കുറഞ്ഞു. കടലേറ്റവും ശമിച്ചു. എഫ്.എൽ.ടി.സി.യിൽ കോവിഡ് പരിശോധന ആരംഭിച്ചു. ഭക്ഷണക്കിറ്റുകളും ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ധനസഹായവും വിതരണം ചെയ്യും.

വിവാഹങ്ങളും മരണാനന്തര ചടങ്ങുകളും പോലീസിനെയും പഞ്ചായത്ത്, റവന്യൂ ഉദ്യോഗസ്ഥരെയും അറിയിക്കണം.

രോഗീസമ്പർക്കത്തിന്റെ പേരിൽ ജില്ലയിൽ അടച്ച എല്ലാ സ്വകാര്യ ആശുപത്രികളും അണുനശീകരണം നടത്തി. വ്യാഴാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കും.

കോവിഡ് പരിശോധനാ സംവിധാനമുള്ള സ്വകാര്യ ആശുപത്രികളിൽ ഗുരുതരാവസ്ഥയിലുള്ള രോഗിക്കൾക്ക് ചികിത്സ ഉറപ്പാക്കണം.

എല്ലാ സ്വകാര്യ ആശുപത്രികളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നോഡൽ ഓഫീസർ.

ഗുരുതരാവസ്ഥയിലെത്തുന്ന രോഗികൾക്ക് കൂടുതൽ ശ്രദ്ധ ഉറപ്പാക്കാൻ, സ്വകാര്യ ആശുപത്രികളിലെ ഇന്റൻസീവ് കെയർ ചികിത്സകരുടെയും അവസാന വർഷ പി.ജി വിദ്യാർഥികളുടെയും സേവനം ഉറപ്പാക്കും.

ജില്ലയിൽ ഇതുവരെ 72 കേന്ദ്രങ്ങളിൽ ആയി 3,752 എഫ്.എൽ.ടി.സി. ബെഡ്ഡുകൾ സജ്ജമാക്കി.

കർഫ്യൂ ഇവിടെ

ആലുവ നഗരസഭ

ചൂർണിക്കര, കീഴ്‌മാട്‌, എടത്തല, ചെങ്ങമനാട്, കരുമാലൂർ, കടുങ്ങല്ലൂർ, ആലങ്ങാട് എന്നീ പഞ്ചായത്തുകൾ