കാക്കനാട് : അനധികൃതമായി ‘കേരള സർക്കാർ’ എന്ന ബോർഡ് വച്ച് സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരേ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. ഗോശ്രീ ദ്വീപ് വികസന അതോറിറ്റിക്കും (ജിഡ) സിവിൽ സ്റ്റഷനിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനുമാണ് ആദ്യം പണികിട്ടിയത്. ഈ രണ്ട് ഓഫീസുകളുടേയും വാഹനങ്ങൾ കളക്ടറേറ്റിൽ വന്നപ്പോൾ എറണാകുളം ആർ.ടി.ഒ. ബാബു ജോണിന്റെ നിർദേശപ്രകാരം വെഹിക്കിൾ ഇൻസ്പെക്ടർമാർ കൈയോടെ പിടികൂടുകയായിരുന്നു.

മുഖ്യമന്ത്രിയുടെ മുൻ ഐ.ടി. ഫെലോ അരുൺ ബാലചന്ദ്രൻ സ്വന്തം വാഹനത്തിന് ‘കേരള സർക്കാർ’ ബോർഡ് വച്ച് ദുരുപയോഗം ചെയ്തത് വിവാദമായ സാഹചര്യത്തിലാണ് വാഹന വകുപ്പ് പരിശോധന ശക്തമാക്കിയത്.

‘ജിഡ’ടെ ഉടമസ്ഥതയിലുള്ള വാഹനവും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനു വേണ്ടി ഓടുന്ന ടാക്സിയുണ് പിടിവീണത്. വകുപ്പിന്റെ പേരോ മറ്റു വിവരങ്ങളോ ഒന്നുമില്ലാതെ 'കേരള സർക്കാർ' എന്ന ബോർഡ് വയ്ക്കുന്നത് നിയമ ലംഘനമാണ്. ഈ വാഹനങ്ങളിൽ അതത് വകുപ്പുകളുടെ പേരെഴുതിയ ബോർഡാണ് ഘടിപ്പിക്കേണ്ടതെന്ന് ആർ.ടി.ഒ. പറഞ്ഞു. ഇവരോട് ബോർഡുകൾ അഴിച്ചുമാറ്റിയ ശേഷം മോട്ടോർ വാഹന വകുപ്പ് അധികൃതരെ കാണിച്ച് ബോധ്യപ്പെടുത്താൻ നിർദേശിച്ചിട്ടുണ്ട്. ആദ്യ തവണയായതിനാൽ നടപടി പിഴയിലൊതുക്കാനാണ് തീരുമാനം. ആവർത്തിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്നും ആർ.ടി.ഒ. വ്യക്കമാക്കി. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ആർ. ചന്തു, ലൂയീസ് ഓസ്വാൾഡ് ഡിസൂസ എന്നിവരാണ് വാഹനങ്ങൾ പിടികൂടിയത്.