കാക്കനാട് : ജനങ്ങൾ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നത് കുറഞ്ഞതോടെ ദുരിതത്തിന്റെ റൂട്ടിലാണ് സ്വകാര്യ ബസുകളുടെ ഓട്ടം. യാത്രക്കാർ കുറഞ്ഞതോടെ ഏതാനും ബസുകൾ മാത്രമാണ് തിങ്കളാഴ്ചയും വിവിധ സ്വകാര്യ ബസ് സ്റ്റാൻഡുകളിൽ എത്തിയത്.

കളക്ടറേറ്റ് ബസ് സ്റ്റാൻഡിൽനിന്ന് എറണാകുളം ഭാഗത്തേക്ക് യാത്രക്കാരുടെ എണ്ണം തീരെ കുറഞ്ഞു. നേരത്തെ 10,000 രൂപയിലധികം വരുമാനം ലഭിച്ചിരുന്ന റൂട്ടാണിത്. ഇപ്പോൾ 500-1500 രൂപ മാത്രം.

അടിക്കടി ഉണ്ടാകുന്ന ഡീസൽ വിലവർധനയും പ്രതിസന്ധിക്ക് ആക്കംകൂട്ടുന്നു. ലോക്ക്ഡൗൺ മുതൽ കഴിഞ്ഞദിവസം വരെ ലിറ്ററിന് 11 രൂപ വരെ വില ഉയർന്നു. രാവിലെ 11 മുതൽ 3 വരെ രണ്ടും മൂന്നും പേരുമായാണ് ബസുകൾ ഓടുന്നത്.

കോവിഡുകാലത്ത് ബസ് യാത്രാനിരക്ക് വർധിപ്പിച്ചെങ്കിലും അതുകൊണ്ടും മെച്ചമില്ല. ചെറുകിട ബസുകാരാണ് ഏറെ കഷ്ടപ്പെടുന്നത്.

ബാങ്കിൽനിന്ന്‌ വായ്പയെടുത്ത്‌ ബസ് വ്യവസായത്തിനിറങ്ങിയവരും പ്രതിസന്ധിയിലാണ്. രോഗവ്യാപനം കൂടുന്നതോടെ ആളുകൾ യാത്രചെയ്യാൻ മടിക്കുകയാണ്.

ഈ അവസ്ഥയിൽ ബസ്‌നിരക്ക്‌ വർധനകൊണ്ടൊന്നും ഈ വ്യവസായത്തെ പിടിച്ചുനിർത്താനാകില്ലെന്നും ഇന്ധനവിലയിൽ സബ്സിഡിയും നികുതിയിളവും ഉൾപ്പെടെ കാര്യക്ഷമമായ പാക്കേജിലൂടെയല്ലാതെ ഈ മേഖലയെ രക്ഷിക്കാനാവില്ലെന്നും ബസ്സുടമകൾ പറയുന്നു.