കാക്കനാട് : ടാക്സി കാറുകളിൽ ഉൾപ്പെടെ സർക്കാർ ബോർഡ് വയ്ക്കുന്നവർക്കെതിരേ പരിശോധന ശക്തമാക്കാൻ മോട്ടോർ വാഹന വകുപ്പ്. സ്വർണക്കടത്ത് കേസിലെ ഒരു പ്രതി സ്വകാര്യ വാഹനത്തിൽ സർക്കാർ ബോർഡ് വച്ച് യാത്രകൾ നടത്തി വിവാദമായ സാഹചര്യത്തിലാണ് അനധികൃതമായി സർക്കാർ ബോർഡ് വച്ച് സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരേ നടപടിക്കൊരുങ്ങുന്നത്. അടുത്ത ദിവസം മുതൽ പരിശോധന തുടങ്ങുമെന്നും അധികൃതർ പറഞ്ഞു.

കൂടാതെ, വകുപ്പിന്റെ പേരോ മറ്റുവിവരങ്ങളോ ഒന്നുമില്ലാതെ ‘കേരള സർക്കാർ’ എന്നു മാത്രം ബോർഡ് വയ്ക്കുന്ന ഉദ്യോഗസ്ഥർക്കെതിരേയും നടപടി സ്വീകരിക്കും. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ സിവിൽ സ്റ്റേഷനിലെ സർക്കാർ വാഹനങ്ങളിലാണ് പരിശോധന നടത്തുക. വകുപ്പിന്റെ പേരടങ്ങിയ ബോർഡാണ് ഇത്തരം വാഹനത്തിൽ ഘടിപ്പിക്കേണ്ടത്. അർദ്ധ സർക്കാർ വാഹനങ്ങൾക്ക് നീലയിൽ കറുത്ത ലിപിയിലുള്ള വിവരണമാണ് പ്രദർശിപ്പിക്കേണ്ടത്.

അനധികൃതമായി സർക്കാർ ബോർഡ് വയ്ക്കുന്ന വാഹനങ്ങളെ തടയണമെന്ന്‌ ആവശ്യപ്പെട്ട് കേരള ഗവ. ഡ്രൈവേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ജി. ബിജു ആർ.ടി.ഒ.യ്ക്ക് പരാതി നൽകിയിട്ടുണ്ട്.