കാക്കനാട് : ആറുവർഷമായി ഇരുട്ടിൽ മുങ്ങിനിൽക്കുന്ന തങ്ങളുടെ കൊച്ചുവീട്ടിൽ ആദ്യമായി വൈദ്യുതിവെട്ടം തെളിഞ്ഞപ്പോൾ അതിലേറെ പ്രകാശിക്കുന്നുണ്ടായിരുന്നു ലക്ഷ്മിയുടെയും കുഞ്ഞുങ്ങളുടെയും മുഖങ്ങൾ. സാങ്കേതിക കുരുക്കിനെ തുടർന്ന് എന്നുകിട്ടും വൈദ്യുതി എന്നറിയാതെ അവരുടെ ഏറെനാളത്തെ സങ്കടത്തോടെയുള്ള കാത്തിരിപ്പാണ് നൂറുവാട്ട് വെളിച്ചത്തിൽ ഇല്ലാതായത്.

കാക്കനാട് പാട്ടുപുര നഗറിൽ ഷീറ്റിട്ട ചെറിയൊരു ഒറ്റമുറിവീട്ടിൽ മണ്ണെണ്ണവിളക്കിന്റെ ഇത്തിരിവെട്ടത്തിൽക്കഴിഞ്ഞ പരപ്പയിൽ സുധീഷിന്റെയും ലക്ഷ്മിയുടെയും വീട്ടിലാണ്‌ കഴിഞ്ഞദിവസം വൈദ്യുതിയെത്തിയത്. സുധീഷിന്റെ ഭൂമിയുടെ തണ്ടപ്പേര് മാറിക്കിടക്കുന്നതിനാൽ കരമടയ്ക്കാൻ സാധിക്കില്ലായിരുന്നു. കരമടച്ച രസീതില്ലാതെ വൈദ്യുതി കണക്ഷൻ നൽകാനാവില്ലെന്ന് കെ.എസ്.ഇ.ബി. അധികൃതരും അറിയിച്ചു. പ്രധാനമന്ത്രിയുടെ ദീൻ ദയാൽ ഉപാധ്യായ ഗ്രാമജ്യോതി യോജന പദ്ധതി പ്രകാരം പട്ടികജാതി, പട്ടികവർഗ കുടുംബങ്ങൾക്ക് വൈദ്യുതി നൽകാൻ ഇത്‌ തടസ്സമല്ലെന്ന് പൊതുപ്രവർത്തകയായ ജയലക്ഷ്മി ചൂണ്ടിക്കാട്ടി. അവർ വൈദ്യുതി കണക്ഷനുള്ള കാര്യങ്ങൾ ശരിയാക്കുകയായിരുന്നു. കാക്കനാട് അത്താണിയിലുള്ള ഇലക്‌ട്രീഷ്യനായ ജലേഷ് സൗജന്യമായി ഇവരുടെ വീട്ടിൽ വയറിങ് നടത്തിക്കൊടുത്തു. വെൽഡിങ് ജോലിക്കാരനാണ് സുധീഷ്. മക്കളായ അഭിരാമിക്ക് മൂന്നും അനാമികയ്ക്ക് എട്ടു മാസവുമാണ് പ്രായം.