കാക്കനാട് : ജില്ലയിൽ ഓടുന്ന ഓട്ടോറിക്ഷ-ടാക്സി വാഹനങ്ങളുടെ ഡ്രൈവർ കാബിൻ വേർതിരിച്ചില്ലെങ്കിൽ കർശന നടപടിയെന്ന് മോട്ടോർ വാഹന വകുപ്പ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡ്രൈവർമാരുടെ സുരക്ഷ മുൻനിർത്തിയാണ് ഡ്രൈവർ കാബിൻ കട്ടികൂടിയ പ്ലാസ്റ്റിക് ഇനത്തിൽപ്പെട്ട ‘അക്രിലിക് ഷീറ്റ്’ ഉപയോഗിച്ച്‌ വേർതിരിക്കണമെന്ന്‌ മോട്ടോർ വാഹന വകുപ്പ് നേരത്തെ നിർദേശം നൽകിയിരുന്നു. ഇത്‌ പാലിക്കാത്തവർക്കെതിരേ വരുംദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും പിടിക്കപ്പെട്ടാൽ വാഹനത്തിന്റെ ഫിറ്റ്‌നസ് റദ്ദാക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.

ഓട്ടോറിക്ഷ, ടാക്സി കാറുകൾ, സ്വകാര്യ-കെ.എസ്.ആർ.ടി.സി. ബസുകൾ എന്നിവയുടെ കാബിനുകളാണ് വേർതിരിക്കേണ്ടത്. ഓട്ടോറിക്ഷ-ടാക്സി കാറുകളിൽ യാത്ര ചെയ്യുന്നവരുടെ പേര്, മൊബൈൽ നമ്പർ എന്നിവ അതതു തീയതികളിൽ രേഖപ്പെടുത്തി ഡ്രൈവർ സൂക്ഷിക്കണം. ടാക്സി വാഹനങ്ങളിലെ ഡ്രൈവർമാർ മാസ്ക്, ഗ്ലൗസ് എന്നിവ ധരിക്കണം. സാനിറ്റൈസർ ഉപയോഗിച്ച്‌ കൈകൾ അണുവിമുക്തമാക്കിയ ശേഷം മാത്രമേ യാത്രക്കാരെ ഓട്ടോറിക്ഷ-ടാക്സി വാഹനങ്ങളിൽ കയറ്റാൻ പാടുള്ളു. ഇതിനായി സാനിറ്റൈസർ വാഹനത്തിൽ സൂക്ഷിച്ചിരിക്കണം.