കാക്കനാട് : ജില്ലയിൽ കോവിഡ് രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സജ്ജമാക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾക്കാവശ്യമായ (എഫ്.എൽ.ടി.സി.) വിവിധ വസ്തുക്കൾ സമാഹരിക്കുന്നതിനായി ജില്ലാ കളക്ടർ നടത്തിയ ആഹ്വാനത്തിന് മികച്ച പ്രതികരണം. തൃക്കാക്കര നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ ജില്ലാതല സംഭരണ കേന്ദ്രം ആരംഭിച്ച് മണിക്കൂറുകൾക്കകം 150 ബെഡ്ഷീറ്റുകൾ സംഭാവനയായി ലഭിച്ചു. സുന്നി യുവജന സംഘം (എസ്.വൈ.എസ്.) കളമശ്ശേരി നേതാക്കളായ ഷാജഹാൻ സഖാഫി, ടി.പി. സക്കീർ ഹുസൈൻ എന്നിവരാണ് ആദ്യ സംഭാവന നൽകിയത്. മന്ത്രി വി.എസ്. സുനിൽകുമാർ, ജില്ലാ കളക്ടർ എസ്. സുഹാസ് എന്നിവർ സംഭാവന ഏറ്റുവാങ്ങി.

എഫ്.എൽ.ടി.സി.കൾ സജ്ജമാക്കുന്നതിനായി ആവശ്യമായ വിവിധ വസ്തുക്കൾ സംഭാവന നൽകാൻ പൊതുജനങ്ങളോട് കളക്ടർ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. 10,000-12,000 പേർക്കുള്ള സൗകര്യങ്ങളാണ് ജില്ലയിൽ സജ്ജമാക്കാൻ ലക്ഷ്യമിടുന്നത്.

ജില്ലാതലത്തിൽ ആവശ്യമായ വസ്തുക്കളുടെ സംഭരണത്തിന്റെയും വിതരണത്തിന്റെയും ചുമതല സർവേ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർക്കും താലൂക്ക് തലത്തിൽ തഹസിൽദാർമാർക്കുമാണ്. അവധി ദിവസങ്ങളിൽ ഉൾപ്പെടെ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചു വരെ ജില്ലാതല കളക്ഷൻ സെന്റർ പ്രവർത്തിക്കും.

സാധനങ്ങളും ഉപകരണങ്ങളും താലൂക്ക് ഓഫീസുകളോട് ചേർന്നു പ്രവർത്തിക്കുന്ന സംഭരണ കേന്ദ്രങ്ങളിലോ ജില്ലാതല സംഭരണ കേന്ദ്രത്തിലോ ഏല്പിക്കാവുന്നതാണ്. എഫ്.എൽ.ടി.സി. കളിലേക്ക് അടിയന്തരമായി ആവശ്യമുള്ള വസ്തുക്കൾ.