കാക്കനാട് : കോവിഡ് എത്തിയപ്പോൾ ഇതു നല്ല സമയം എന്ന രീതിയിൽ അവസരം മുതലാക്കുകയാണ് ചിലർ. മനസ്സാക്ഷിയില്ലാത്ത ഇക്കൂട്ടരിൽ മുന്നിലാണ് വായ്പവിതരണ സംഘങ്ങൾ. സ്വന്തം നാട്ടിൽ തൊഴിലില്ലാതായതോടെ തമിഴ്‌നാട്ടിലെയും കർണാടകത്തിലെയും വട്ടിപ്പലിശക്കാരായ വായ്പവിതരണ സംഘങ്ങൾ ജില്ലയിലെ വിവിധ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ചേക്കേറിയിരിക്കുകയാണ്. സാമ്പത്തികമായി തകർന്നുനിൽക്കുന്നവരെ ചൂഷണം ചെയ്യുകയാണ്‌ ഇവർ.

വ്യാപാര സ്ഥാപനങ്ങളിലും തൊഴിലാളി കേന്ദ്രങ്ങളിലും എത്തി പണം വായ്പയ്ക്ക് നൽകി, പലിശയടക്കം തിരിച്ചുവാങ്ങുന്ന സംഘമാണ് ജില്ലയിൽ ശക്തിപ്രാപിക്കുന്നത്. മുൻപ് തമിഴ്‌നാട് സ്വദേശികൾ മാത്രമായിരുന്നു ഇത്തരത്തിൽ കൊള്ളപ്പലിശ രംഗത്തുണ്ടായിരുന്നത്. ഇപ്പോൾ കർണാടകയിൽ നിന്നുള്ളവരും കൂടുതലായി എത്തുന്നുണ്ട്.

നേരത്തെ ബ്ലേഡ് മാഫിയകൾക്കെതിരേ ശക്തമായ പ്രക്ഷോഭവും പ്രതിഷേധവും ഉയർന്നുവന്ന സാഹചര്യത്തിലാണ് ഇത്തരം സംഘങ്ങളേറെയും കേരളത്തിൽ നിന്ന് പിന്മാറിയത്. എന്നാൽ, കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് ജോലി നഷ്ടപ്പെട്ടവരും കച്ചവടം കുറഞ്ഞ ചെറുകിട വ്യാപാരികളും സാമ്പത്തിക പ്രതിസന്ധി നേരിടാൻ തുടങ്ങിയപ്പോൾ ഈ സംഘങ്ങൾ വീണ്ടുമെത്തി പ്രവർത്തനം വ്യാപകമാക്കിയിരിക്കുകയാണ്.

ഒരുമിച്ച് പണം നൽകി പലിശയടക്കം തവണകളായി തിരിച്ചുവാങ്ങുന്നതാണ് ഇവരുടെ പ്രവർത്തന രീതി. പോലീസിന്റെയും രാഷ്ട്രീയ-യുവജന സംഘങ്ങളുടെയും ശ്രദ്ധ കോവിഡ് വ്യാപനത്തിനെതിരേയുള്ള പ്രവർത്തനത്തിൽ കേന്ദ്രീകരിച്ചപ്പോഴാണ് ഇത്തരം ബ്ലേഡ് സംഘങ്ങൾ സജീവമായത്.

ബൈക്കുകളിലാണ് ഇത്തരക്കാർ പലപ്പോഴും വരുന്നത്. പോലീസും മറ്റു രാഷ്ട്രീയ സംഘടനാ പ്രവർത്തകരും കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ വ്യാപൃതരാവുന്നതാണ് ഇത്തരം പലിശക്കാർക്ക് മറയാവുന്നത്.