കാക്കനാട് : മുനിസിപ്പൽ ഓഫീസ് നവീകരണത്തെ ചൊല്ലി തൃക്കാക്കര നഗരസഭാ കൗൺസിൽ യോഗത്തിൽ ബഹളം. ഫ്രൻഡ്‌ ഓഫീസിലെ ബാക്കിയുള്ള നിർമാണ പ്രവർത്തനങ്ങൾ ചെറുകിട വ്യവസായ വികസന കോർപ്പറേഷന്റെ (സിഡ്കോ) മറവിൽ ടെൻഡർ ക്ഷണിക്കാതെ കൂടിയ തുകയ്ക്ക് നൽകി, വൻ അഴിമതിക്ക് കളമൊരുക്കുകയാണെന്ന് കൗൺസിലിൽ പ്രതിപക്ഷം ആരോപിച്ചു.

60 ലക്ഷം രൂപയുടെ മൂന്ന് വർക്കുകളാണ് സിഡ്കോയ്ക്ക് നൽകാൻ അജൻഡയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്‌. ഇത് പ്രതിപക്ഷത്തെ കോൺഗ്രസ് കൗൺസിലർമാരായ പി.എം. സലീം, ടി.ടി. ബാബു എന്നിവർ ചോദ്യംചെയ്തു. ടെൻഡർ വിളിക്കാതെ സിഡ്‌കോ നിശ്ചയിക്കുന്ന തുകയ്ക്കാണ് വർക്ക് നൽകുന്നത്. ഇത് നഗരസഭയ്ക്ക് വലിയ ബാധ്യതയുണ്ടാക്കുമെന്നാണ് ആരോപണം.

കൗൺസിൽ കാലാവധി തീരാറായതിനാൽ ഓഫീസ് നവീകരണം വേഗത്തിൽ പൂർത്തിയാക്കാനാണ് സിഡ്‌കോയ്ക്ക് വർക്ക് നൽകിയിരിക്കുന്നതെന്ന് ഭരണപക്ഷ കൗൺസിലർമാർ പറഞ്ഞു. ഇത് മാനദണ്ഡങ്ങൾ പാലിച്ചാണെന്നും സർക്കാർ അംഗീകൃത സൊസൈറ്റികൾക്ക് കരാർ നൽകുന്നതിന് ടെൻഡർ ആവശ്യമില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി.

ഓഫീസ് നവീകരണത്തിൽ യു.ഡി.എഫ്. അംഗങ്ങൾ വിയോജന കുറിപ്പ് രേഖപ്പെടുത്തിയെങ്കിലും ഭരണ സമിതിയായ എൽ.ഡി.എഫ്. ഇവരുടെ എതിർപ്പിനെ അവഗണിച്ച് ഓഫീസ് നവീകരണം സിഡ്കോയ്ക്ക് നൽകാൻ യോഗത്തിൽ തീരുമാനിക്കുകയായിരുന്നു.

നഗരസഭയുടെ ഉടമസ്ഥതയിലുള്ള പൊയ്‌ച്ചിറക്കുളം സ്വകാര്യവ്യക്തിക്ക് മത്സ്യകൃഷിക്ക്, മാനദണ്ഡങ്ങൾ പാലിക്കാതെ നൽകാനുള്ള തീരുമാനവും കൗൺസിലിൽ ബഹളത്തിനിടയാക്കി.

അജൻഡ കത്തിച്ച് യൂത്ത് കോൺഗ്രസ്

കാക്കനാട് : തൃക്കാക്കര നഗരസഭയുടെ ഫ്രൻഡ്‌ ഓഫീസ് നിർമാണത്തിൽ വൻ അഴിമതിയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് കൗൺസിൽ അജൻഡ കത്തിച്ചു. നിലവിൽ കോടിക്കണക്കിന്‌ രൂപ ചെലവഴിച്ചാണ് ഫ്രൻഡ്‌ ഓഫീസ് നിർമാണം നടത്തുന്നത്. വീണ്ടും 60 ലക്ഷത്തോളം രൂപ കൗൺസിൽ അനുവദിക്കണമെന്നത് അജൻഡയിൽ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് അജൻഡ കത്തിച്ച്‌ പ്രതിഷേധിച്ചത്.