കാക്കനാട് : വ്യാഴാഴ്ച നടക്കുന്ന കീം പ്രവേശന പരീക്ഷാ കേന്ദ്രങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടറുടെ നിർദേശം. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും പോലീസിന്റെ സാന്നിധ്യമുണ്ടായിരിക്കണം. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ തുടങ്ങിയവർ കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പരീക്ഷാ കേന്ദ്രങ്ങൾ പരീക്ഷയ്ക്ക് മുൻപും ശേഷവും അണുവിമുക്തമാക്കുന്നതിന് ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ട്.

കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നുള്ളവർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും പ്രത്യേക മുറികളിലായിരിക്കും പരീക്ഷ. പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പ്രത്യേക ബസ് സർവീസ് നടത്തുന്നതിന് നിർദേശം നൽകിയിട്ടുണ്ട്. രക്ഷിതാക്കൾ കൂട്ടംകൂടി നിൽക്കുന്ന സാഹചര്യം ഒഴിവാക്കണം. രക്ഷിതാക്കൾക്ക് വിശ്രമിക്കാൻ പരീക്ഷാ കേന്ദ്രത്തിനടുത്തുള്ള നഗരസഭ/പഞ്ചായത്ത് പരിധിയിലെ ഹാളുകളോ കെട്ടിടങ്ങളോ തുറന്നു നൽകാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണമെന്നും കളക്ടർ നിർദേശിച്ചു.