കാക്കനാട് : ഓൺലൈനിലൂടെ ഡ്രൈവിങ് ലേണേഴ്സ് പരീക്ഷ എഴുതാൻ തുടങ്ങുമ്പോൾ പരീക്ഷാർഥികൾക്ക് പ്രാർഥന പലതാണ്. പഠിച്ചതെല്ലാം ഓർമ വരണേ എന്നതിനുമപ്പുറം ഇന്റർനെറ്റ് കട്ടാകല്ലേ, സിഗ്നൽ പോവല്ലേ എന്നൊക്കെയാണ് 'മെയിൻ' പ്രാർഥന. പരീക്ഷയ്ക്കിടയ്ക്കോ അവസാനിക്കുന്ന സമയത്തോ റേഞ്ച് പോവുകയോ നെറ്റ് കട്ടാവുകയോ ചെയ്താൽ കാര്യം തീർന്നു. പിന്നെ മറ്റൊരു ദിവസം വീണ്ടും പരീക്ഷയെഴുതണം. അന്നും ഇതുതന്നെ സംഭവിച്ചാലോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഇങ്ങനെ ലേണേഴ്‌സ് പരീക്ഷാർഥികൾക്ക് ആകെക്കൂടി തലവേദനയായിരിക്കുകയാണ് ഇന്റർനെറ്റ് സാങ്കേതിക വിദ്യ. ലേണേഴ്സ് പരീക്ഷയ്ക്ക്‌ ഓൺലൈൻ വഴി അപേക്ഷിക്കുന്നവർക്ക് ഇഷ്ടമുള്ള പരീക്ഷാ തീയതി തിരഞ്ഞെടുക്കാം. പരീക്ഷാ ദിവസം വൈകീട്ട് ആറു മണിയോടെ ഇവരുടെ മൊബൈൽ ഫോണിലേക്ക് പരീക്ഷയിൽ പങ്കെടുക്കാനുള്ള പാസ്‌വേഡ് എസ്.എം.എസായി ലഭിക്കും. ഏഴു മണിക്ക് പരീക്ഷ തുടങ്ങും. രാത്രി 12 വരെയാണ് പാസ്‌വേഡ് കാലാവധി. ഇതിനുള്ളിൽ പരീക്ഷ എഴുതിയില്ലെങ്കിൽ അസാധുവാകും. പിന്നെ, വീണ്ടും പുതുതായി പരീക്ഷയ്ക്ക് അപേക്ഷിക്കണം.

ഡെസ്ക്‌ടോപോ, ലാപ്‌ടോപോ ഇല്ലാത്തതിനാൽ മൊബൈൽ ഫോണിലൂടെ പരീക്ഷയിൽ പങ്കെടുക്കുന്നവർക്കാണ് കൂടുതൽ ബുദ്ധിമുട്ട്. റേഞ്ച് പോവുകയോ, ഫോണിൽ വരുന്ന േകാൾ എടുക്കുകയോ ഒക്കെ ചെയ്താൽ പരീക്ഷയിൽനിന്ന് പുറത്താവും.

കംപ്യൂട്ടറിലാണെങ്കിൽ പോലും പലവിധ കാരണങ്ങളാൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെടുന്നുണ്ട്. ഏറ്റവും കൂടുതൽ ഇന്റർനെറ്റ് ഉപയോഗം നടക്കുന്ന രാത്രിതന്നെ പരീക്ഷ നടത്തുന്നതും ലേണേഴ്‌സിന് വെല്ലുവിളിയാണ്. പലർക്കും നെറ്റ് കിട്ടാത്ത സമയമാണിത്. 50 ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുന്നതിനായി 30 മിനിറ്റാണ് അനുവദിച്ചിരിക്കുന്നത്. 30 ചോദ്യങ്ങൾക്ക്‌ ശരി ഉത്തരം നൽകിയാലേ പാസാകൂ. പരാജയപ്പെടുന്നവർ 50 രൂപ ഫീസടച്ച് പുതിയ പരീക്ഷാ തീയതി തിരഞ്ഞെടുത്ത് വീണ്ടും പരീക്ഷ എഴുതണം. എറണാകുളം ആർ.ടി. ഓഫീസ് പരിധിയിൽ ചൊവ്വാഴ്ച മുതലാണ് ഓൺലൈൻ ലേണേഴ്സ് പരീക്ഷ ആരംഭിച്ചത്. പരീക്ഷയ്ക്കായി എറണാകുളത്ത് ഇരുനൂറോളം പേർ രജിസ്റ്റർ ചെയ്തതായി ആർ.ടി.ഒ. ബാബു ജോൺ പറഞ്ഞു.

ലേണേഴ്‌സ് ഓൺലൈനായി അപേക്ഷിക്കുമ്പോൾ ബന്ധപ്പെട്ട രേഖകളുമായി ആർ.ടി. ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന സന്ദേശം ലഭിച്ചാലും ആരും തന്നെ ഓഫീസിൽ വരേണ്ടതില്ലെന്നും ആർ.ടി.ഒ. വ്യക്തമാക്കി.