കാക്കനാട് : ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 332 പുതുക്കിയ പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അംഗീകാരം നൽകിയത്.

കൃഷി, മൃഗസംരക്ഷണം, മത്സ്യമേഖല എന്നീ വിഭാഗങ്ങളിലായി 6.20 കോടി രൂപ അടങ്കൽ തുകയുള്ള 251 പദ്ധതികൾക്ക് ഗ്രാമപ്പഞ്ചായത്തുകൾക്കും 2.70 കോടി രൂപ അടങ്കൽ തുകയുള്ള 41 പദ്ധതികൾക്ക് നഗരസഭകൾക്കും 1.55 കോടി രൂപയുടെ 29 പദ്ധതികൾക്ക് ബ്ലോക്ക് പഞ്ചായത്തുകൾക്കും അംഗീകാരം നൽകി. 1.65 കോടിയുടെ നാല് പദ്ധതികൾക്ക് ജില്ലാ പഞ്ചായത്ത് അംഗീകാരം നേടി. 12.55 ലക്ഷം രൂപയുടെ ഏഴ് സുഭിക്ഷ കേരളം പദ്ധതികൾക്ക് കൊച്ചി കോർപ്പറേഷൻ അംഗീകാരം നേടി.

സർക്കാർ നിർദേശപ്രകാരം ഭേദഗതികൾ വരുത്തി സമർപ്പിച്ച ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ 5.21 കോടി രൂപയുടെ 2020-21 ലെ പുതുക്കിയ വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങൾ 2020-21 വർഷത്തെ വികസന പദ്ധതികൾക്ക് സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടി നിർവഹണ പരിപാടികൾ ആരംഭിച്ചിരുന്നു.