കാക്കനാട് : എറണാകുളം കളക്ടറേറ്റിനും ആഫ്രിക്കൻ ഒച്ചിന്റെ ഭീഷണി... കളക്ടറേറ്റിലും സമീപപ്രദേശങ്ങളിലും ആഫ്രിക്കൻ ഒച്ചുകൾ നിറയുമ്പോഴും അധികൃതർക്ക് കുലുക്കമില്ല. കളക്ടറേറ്റ് മതിലിൽ മാത്രമായിരുന്നു ഒച്ചിന്റെ സാന്നിദ്ധ്യം നേരത്തെ കണ്ടിരുന്നത്. ഇപ്പോൾ വളപ്പിലെ മരങ്ങളിലും കളക്ടറേറ്റിലെ വിവിധ ഓഫീസ് ഭിത്തികളിലും ഒക്കെ ഒച്ചുകൾ പെരുകുകയാണ്.

കളക്ടറേറ്റ് കെട്ടിടത്തിന്റെ മുക്കിലും മൂലയിലും ഇവ കൂട്ടമായി പറ്റിപ്പിടിച്ചിരിക്കുന്നു. ഓഫീസിനകത്തേക്കും മറ്റും ഇവ വ്യാപിച്ചാൽ ഫയലുകൾവരെ തിന്നു നശിപ്പിക്കാനിടയുണ്ട്‌.

ക്രിക്കറ്റ് ബോളിന്റെ വലിപ്പമാണ് ഈ ഒച്ചിന്. രാത്രിയിലാണ് സഞ്ചാരവും ഇരതേടലും. കട്ടിയുള്ള പുറന്തോട് മുകളിലേറ്റി ശരീരത്തിന്റെ അടിയിലെ മാംസളമായ പാദങ്ങൾ ഉപയോഗിച്ച് സാവധാനം തെന്നിനീങ്ങിയാണ് യാത്ര. ഇതിന്‌ സഹായകമായി കൊഴുത്ത ദ്രാവകവും പുറപ്പെടുവിക്കും.

ഒച്ചുകളുടെ വിസർജ്യവും ഇവയുടെ വഴുവഴുപ്പുള്ള ദ്രാവകവും മനുഷ്യരിൽ കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

കാക്കനാട്ടെ പല പ്രദേശങ്ങളിലും നേരം പുലർന്നുകഴിയുമ്പോൾ ഭിത്തികളിലും മതിലുകളിലും വാഴകളിലും ചെടികളിലും ഒക്കെ ഒച്ചുകൾ പറ്റിപ്പിടിച്ചിരിക്കുന്നതു കാണാം. പല സ്ഥലങ്ങളിലും അവയെ ഉപ്പുവിതറിയും മറ്റും കൊല്ലുന്നുണ്ടെങ്കിലും സന്ധ്യയാകുമ്പോഴേക്കും കൂട്ടത്തോടെ വീണ്ടുമെത്തും.

ചിറ്റേത്തുകര, അത്താണി, കൊല്ലംകുടിമുകൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഒച്ചുശല്യം രൂക്ഷമാണ്. നിരവധി പരാതികൾ നൽകിയിട്ടും നഗരസഭയുടെ ആരോഗ്യവിഭാഗം ഇക്കാര്യത്തിൽ വേണ്ട ഗൗരവം കാട്ടുന്നില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

പലയിടങ്ങളിലും കല്ലുപ്പ് ഉപയോഗിച്ച് ഒച്ചുകളെ തുരത്തുന്നുണ്ടെങ്കിലും ഇതും വേണ്ടത്ര ഫലപ്രദമാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.