കാക്കനാട്: മലിനജല വിതരണം നടത്തുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ നിയമസഭാ സമിതിയുടെ തെളിവെടുപ്പിൽ ജില്ലാ മേധാവികളുടെ ’മുങ്ങൽ’ എം.എൽ.എ. കൈയോടെ പൊക്കി. വ്യാഴാഴ്ച കളക്ടറേറ്റിൽ കോൺഫറൻസ് ഹാളിൽ കുടിവെള്ളമായി പാറമടകളിൽനിന്ന് മലിനജല വിതരണം നടത്തുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ നിയമസഭാ സമിതി കെ.ബി. ഗണേഷ് കുമാർ എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നാടകീയ രംഗങ്ങൾ. യോഗം തുടങ്ങിയപ്പോൾ ഓരോ വകുപ്പ് മേധാവികൾ എവിടെയെന്നായിരുന്നു എം.എൽ.എ.യുടെ ചോദ്യം. കമ്മീഷണർക്കു വേണ്ടി ഹാജരായത് പോലീസ് സബ് ഇൻസ്പെക്ടർ ആണെന്നറിഞ്ഞതോടെ കമ്മിഷണറെ വിളിക്കാൻ എം.എൽ.എ. നിർദേശിച്ചു. തുടർന്ന് സിറ്റി പോലീസ് കമ്മിഷണറും ഡി.സി.പി.യും സിറ്റിങ്ങിനെത്തി. ഡി.എം.ഒ. ഹാജരാകേണ്ടതിനു പകരം ഹെൽത്ത് ഓഫീസർ വന്നതും അനിഷ്ടത്തിന് കാരണമായി. തുടർന്ന് ഡി.എം.ഒ.യും സ്ഥലത്തെത്തി. ഭക്ഷ്യസുരക്ഷാ വകുപ്പ് മേലധികാരി എത്തിയില്ലെന്ന ആക്ഷേപവും എം.എൽ.എ. ഉന്നയിച്ചു. ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും പബ്ലിസിറ്റി മാത്രമാണ് ലക്ഷ്യം െവക്കുന്നതെന്നു പറഞ്ഞ ഗണേഷ് കുമാർ ഭക്ഷ്യവകുപ്പ് അധികൃതർ എടുക്കുന്ന കേസുകളൊന്നും കോടതിയിലെത്തുന്നില്ലെന്നും പറഞ്ഞു. അടുത്ത നിയമസഭാ സിറ്റിങ്ങിൽ വകുപ്പ് തല ഉന്നത ഉദ്യോഗസ്ഥരെല്ലാം സിറ്റിങ്ങിൽ പങ്കെടുക്കണമെന്നും കൃത്യമായ റിപ്പോർട്ട് സമിതിക്കു മുന്നിൽ ഹാജരാക്കണമെന്നും അദ്ദേഹം പറഞ്ഞു.