കാക്കനാട്: ജില്ലയിലെ റേഷൻ കാർഡ് ഉടമകൾക്ക് ഈ മാസത്തെ റേഷൻ വിഹിതം വിതരണത്തിനായി തയ്യാറായി. അന്ത്യോദയ അന്നയോജന വിഭാഗത്തിന് കാർഡ് ഒന്നിന് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. മുൻഗണനാ വിഭാഗത്തിൽ പെട്ട കാർഡുകളിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും കിലോയ്ക്ക് രണ്ട് രൂപ നിരക്കിൽ ലഭിക്കും. മുൻഗണനേതര സബ്സിഡി വിഭാഗത്തിന് നാല് രൂപ നിരക്കിൽ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം ലഭിക്കും. കൂടാതെ കാർഡ് ഒന്നിന് ലഭ്യതയനുസരിച്ച് രണ്ട് അല്ലെങ്കിൽ മൂന്ന് കിലോ ഫോർട്ടിഫൈഡ് ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും. മുൻഗണനേതര നോൺ സബ്സിഡി വിഭാഗത്തിന് കാർഡിന് 10 കിലോ അരി 10.90 രൂപ നിരക്കിൽ ലഭിക്കും. കൂടാതെ ഫോർട്ടിഫൈഡ് ആട്ട ലഭ്യതയ്ക്കനുസരിച്ച് 17 രൂപ നിരക്കിൽ ലഭിക്കും. വൈദ്യുതീകരിച്ച വീടുള്ള കാർഡ് ഉടമകൾക്ക് അരലിറ്റർ മണ്ണെണ്ണയും വൈദ്യുതീകരിക്കാത്ത വീടുള്ള കാർഡ് ഉടമകൾക്ക് നാല് ലിറ്റർ മണ്ണെണ്ണയും ലിറ്ററിന് 39 രൂപ നിരക്കിൽ ലഭിക്കും. റേഷൻ സാധനങ്ങളുടെ വിതരണം എല്ലാ റേഷൻ കടകളിലും ആരംഭിച്ചു. വിതരണം സംബന്ധിച്ച് പരാതി ഉണ്ടെങ്കിൽ താലൂക്ക്, സിറ്റി റേഷനിങ് ഓഫീസുകളിലും ജില്ലാ സപ്ലൈ ഓഫീസിലും പരാതി നൽകാമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.